മഞ്ചേരിയിലെ അനധികൃത പരസ്യ ബോര്‍ഡ് നീക്കം ചെയ്യാനാകാതെ നഗരസഭ
മഞ്ചേരി: പരസ്യബോര്‍ഡ് സ്ഥാപിച്ച് തങ്ങളെ പറ്റിച്ചു കടന്നുകളഞ്ഞ പരസ്യകമ്പനിയുടെ ഉടമക്കെതിരെ പരസ്യമായി നടപടി സ്വീകരിക്കാനെത്തിയ മഞ്ചേരി നഗരസഭ അധികൃതര്‍ ഒടുവില്‍ പത്തിമടക്കി മടങ്ങി. നഗരസഭയെ കബളിപ്പിച്ചു പാണ്ടിക്കാട് റോഡിലെ സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച അനധികൃത പരസ്യ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ തൊഴിലാളികളാണ് ബോര്‍ഡില്‍ തൊടാതെ സ്ഥലം വിട്ടത്.
പരസ്യ ഇനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലതവണ പറഞ്ഞിരുന്നെങ്കിലും നടപ്പാകാതിരുന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രവും തോട്ടിയുമായി നഗരസഭയുടെ തൊഴിലാളികള്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ എത്തിയത്. എന്നാല്‍ കൂറ്റന്‍ പരസ്യ ബോര്‍ഡിന്റെ ഒരറ്റം തോട്ടി ഉപയോഗിച്ച് അടര്‍ത്തിയെടുത്ത് തൊഴിലാളികള്‍ സ്ഥലം വിടുകയായിരുന്നു.
ഹൈമാസ് ലൈറ്റിന്റെ മറവില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചവരെ കുറിച്ച് നഗരസഭയുടെ രേഖയില്‍ ഒരക്ഷരം പോലുമില്ലെന്ന് മുനിസിപ്പല്‍ സെക്രട്ടറി തന്നെ പറയുന്നുണ്ട്. ഇവരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പരസ്യ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ തൊഴിലാളികളെ പിന്‍വലിപ്പിച്ചതെന്നാണ് വിവരം. 2013ലാണ് നഗരത്തിലെ അഞ്ച് ഭാഗങ്ങളിലായി ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ പരസ്യകമ്പനിക്ക് കരാര്‍ നല്‍കിയത്. രേഖയില്ലാതെ വാക്കാല്‍ നല്‍കിയ കരാര്‍ ആയിരുന്നു ഇതെന്നാണ് ആരോപണം. കരാറിന്റെ പകര്‍പ്പൊ കരാറില്‍ ഒപ്പുവച്ചതായിട്ടുള്ള അനുബന്ധ രേഖകളൊ ആരുടെ പക്കലുമില്ല. നഗരസഭ വിലക്കിയിട്ടും നാല് ദിവസം മുമ്പ് പുതിയ പരസ്യബോര്‍ഡ് സ്ഥാപിച്ചതായി മുനിസിപ്പല്‍ സെക്രട്ടറി പി.സതീഷ് കുമാര്‍ പറഞ്ഞു.
മഞ്ചേരിയിലെ ഏറ്റവും തിരക്കേറിയ പാണ്ടിക്കാട് റോഡും സീതി ഹാജി ബസ്റ്റാന്റും നേരം ഇരുട്ടിയാല്‍ ഉരുള്‍മൂടിയ അവസ്ഥയിലാണ്. പരസ്യം ചെയ്ത കമ്പനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ആരാണ് നിയമനടപടി നേരിടേണ്ടതെന്ന ചോദ്യത്തിന് ഉത്തരമില്ല.പരസ്യബോര്‍ഡ് നീക്കം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചിട്ട് മാസങ്ങളായെങ്കിലും നടപ്പായില്ലെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."