മൂര്‍ക്കനാട്ട് ഇനി പേനയില്‍ നിന്ന് വിത്ത് മുളക്കും
അരീക്കോട്: മൂര്‍ക്കനാട്ട് ഇനി പേനയില്‍ നിന്ന് പ്രകൃതിയുടെ പച്ചപ്പുകള്ക്കായി പുതുനാമ്പുകള്‍ വിരിയും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ.എം ബി.എഡ് കോളജിലെ ട്രെയിനിങ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പരിസ്ഥിതി സൗഹൃദ പേനയെന്ന വേറിട്ട പദ്ധതി ഒരുക്കുന്നത്.
പ്രകൃതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് പേനകള്‍ക്ക് ഇനി സ്കൂളിലേക്ക് പ്രവേശനമില്ല. എല്ലാവര്ക്കും ഇഷ്ടം കടലാസ് പേനയോട് മാത്രമാകും. മണ്ണില്‍ അലിഞ്ഞു ചേരുന്ന പേപ്പര്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ പേന നിര്‍മിക്കുക. പേനക്ക് അകത്ത് വിവിധ വിത്തുകളും നിറക്കും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേപ്പര്‍ പേന മണ്ണിനോട് ചേരുന്നതോടെ അകത്തുള്ള വിത്ത് മുളപൊട്ടും. പച്ചക്കറി വിത്തുകളും തണല്‍ മരങ്ങളുടെ വിത്തുകളുമാണ് പേനക്കകത്ത് ചേര്‍ത്തുവക്കുക. ഇതിലൂടെ പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മൂര്‍ക്കനാട് സ്കൂളിന് പുറമെ മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പേനകള്‍ എത്തിക്കും. പ്രധാനധ്യാപകന് ജി.എസ് ലിജിന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ ഷമീര്‍, രതീഷ് എന്നിവര്‍ വിത്ത് പേന നിര്‍മാണ പരിശീലനത്തിന് നേതൃത്വം നല്കി. ബി.എഡ് കോളജ് വിദ്യാര്‍ഥി അന്‍വര്‍ അധ്യക്ഷനായി. ഹാമിദലി വാഴക്കാട്, മുജീബ് റഹ്മാന്,ബേബി,അഖിന് ദാസ്,റിഫ,സഫ്ന,റാഷിദ, ഷഹബ,ഫസ്ന,റിസ്വാന,ജുനൈ,നീതു, ഷഹര്‍ബാനു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."