ചൈനയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 20 കോടിയിലധികം
ബീജിങ്: ചൈനയില്‍ 20 കോടിയിലധികം ജനങ്ങള്‍ ഇപ്പോളും അഞ്ച് ഡോളറിലും താഴെ വരുമാനമുള്ളവരാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ചൈനയിലെ ദാരിദ്ര്യ രേഖയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന റിപ്പോര്‍ട്ടിലാണ് യു.എന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ യഥാര്‍ഥ പട്ടിക പുറത്തുവിട്ടിട്ടില്ല.
20 കോടിയിലധികം പേര്‍ രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണെന്നു ഐക്യരാഷ്ട്രസഭയുടെ വ്യാപാരവികസന കോണ്‍ഫറന്‍സിലെ ഗ്ലോബലൈസേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് സ്ട്രാറ്റജീസ് ഡിവിഷന്‍ ഡയരക്ടര്‍ റിച്ചാര്‍ഡ് കോസുല്‍റൈറ്റ് പറഞ്ഞു. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലയില്‍ കഴിയുന്നവരാണ് ഏറ്റവും ദരിദ്രരെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവരില്‍ പലരും സുരക്ഷിതമായ സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്നവരുമല്ല.
ദാരിദ്ര്യരേഖയെക്കുറിച്ചുള്ള ചൈനയുടെ നിര്‍വചനം ലോകബാങ്കിന്റെ കടുത്ത ദാരിദ്ര്യത്തെ നിര്‍വചിക്കുന്നതിനു തുല്യമാണെന്നും കോസുല്‍റൈറ്റ് പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലോക രാജ്യങ്ങളിലെ ദാരിദ്ര്യ രേഖ സംബന്ധിച്ച പട്ടികയില്‍ പ്രതിദിനം 1.90 ഡോളറിലും താഴെയാണ് ചൈനയിലെ ജനങ്ങളുടെ വരുമാനമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."