തലചായ്ക്കാന്‍ ഇടമില്ലാതെ അരിമ്പൂര്‍ നിവാസികള്‍
അന്തിക്കാട്: പ്രളയം സംഹാര താണ്ഡവമാടിയ അരിമ്പൂര്‍ മേഖലയിലെ ജനങ്ങളടെ ജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല.
ശക്തമായ മലവെള്ളപ്പാച്ചിലില്‍ വീട് പൂര്‍ണമായും തകര്‍ന്ന നിരവധി ആളുകള്‍ താമസിക്കാനൊരിടമില്ലാതെ ദുരിതമനുഭവിക്കുകയാണ്. അരിമ്പൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ശാന്തയും രാധയും സിസിയുമുള്‍പ്പെടെ നിരവധി പേരാണ് സുരക്ഷിതമായി കിടന്നുറങ്ങാനൊരിടമില്ലാതെ ബുദ്ധിമുട്ടുന്നത്. പ്രളയത്തില്‍ പഞ്ചായത്തിലെ 44 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടുകളില്‍ വെള്ളം ശക്തമായി ഒഴുകിയെത്തിയ ഓഗസ്റ്റ് 15ന് തന്നെ എല്ലാവരും വീടുവിട്ട് ദുരിതാശ്വാസ ക്യാംപുകളിലെത്തിയിരുന്നു.
എന്നാല്‍ സ്‌കൂളുകളില്‍ അധ്യായനം തുടങ്ങിയതോടെ ഇവര്‍ക്ക് ക്യാംപില്‍ നിന്നും മടങ്ങേണ്ടി വന്നു. അരിമ്പൂര്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും ഇവര്‍ക്ക് തികഞ്ഞ അവഗണനയാണ് ലഭിച്ചതെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. വാടക വീട്ടിലേക്ക് മാറി താമസിച്ചു കൊള്ളാനും വീട്ടുവാടക പഞ്ചായത്ത് നല്‍കാമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. പിന്നീട് വാടക നല്‍കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് ഇവരെ അറിയിച്ചു. വീട് നഷ്ടപ്പെട്ടവര്‍ ബന്ധുവീടുകളിലും അയല്‍ വീടുകളിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്. എത്ര നാള്‍ ഇങ്ങനെ താമസിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ജില്ലയിലെ മറ്റു പല ഭാഗങ്ങളിലും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ അധികൃതര്‍ നിര്‍മിച്ചു നല്‍കിയെങ്കിലും അരിമ്പൂരില്‍ അതുണ്ടായില്ല. ചില സന്നദ്ധ സംഘടനകള്‍ നല്‍കിയ വാടക വീടുകളില്‍ കുറച്ചു പേര്‍ താമസിക്കുന്നുണ്ട്. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ധനസഹായമായ പതിനായിരം രൂപ എഴുപത്തിയഞ്ച് പേര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ധനസഹായത്തിന്റെ രണ്ടാം ഗഡു ലഭിക്കാത്ത നൂറോളം പേര്‍ ഇവിടെയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അരിമ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രസിഡന്റ് പി.എ ജോസ് അധ്യക്ഷനായി. സി.എല്‍ ജോണ്‍സന്‍, എ.വിദ്യാധരന്‍, എന്‍.വി ആന്റണി, കെ.വി സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."