ഡെങ്കിപ്പനി: ആരോഗ്യവകുപ്പ് നേരിട്ട് ഇടപെടുന്നു
തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് നേരിട്ടിടപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. മേഖലയില്‍ ഒമ്പതുപേര്‍ക്കാണ് ഇതിനകം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ അതീവ ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സിതാര മാത്യു, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ കെ എന്‍ വിനോദ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ആര്‍ അനില്‍കുമാര്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്റമോളജിസ്റ്റ് കെ.എന്‍ ജയപ്രകാശ്, ഫൈലേിറിയ ഇന്‍സ്‌പെക്ടര്‍ എം എം സോമി എന്നിവരടങ്ങിയ സംഘമാണ് കരിങ്കുന്നം മേഖലയില്‍ പരിശോധന നടത്തിയത്. കൂത്താടി വളരുന്ന ഉറവിടങ്ങള്‍ കൊതുകിന്റെ സാന്ദ്രവര്‍ധിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി കണ്ടെത്തി. കരിങ്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ താഴെത്തട്ടില്‍ ഏഴുദിവസത്തിനകം ഉറവിട നശീകരണം പൂര്‍ത്തീകരിക്കുന്നതിനും രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ ഫോഗിങ്് നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കി.
ഉറവിടനശീകരണത്തിനായി വാര്‍ടഡുകള്‍ തോറും ആശമാരുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ നിയോഗിക്കുന്നതിനും തീരുമാനിച്ചു. ഒരോ വാര്‍ഡിനും ചുമതല നല്‍കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പുനര്‍ വിന്യസിക്കും
. ഉറവിട നശീകരണത്തിന് വിസമ്മതിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസ് എടുക്കാന്‍ പുറപ്പുഴ ഹെല്‍ത്ത് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിശദമായ കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്റര്‍ സെക്ടറല്‍ യോഗം വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."