കവര്‍ച്ച; ഡയമണ്ട് നെക്‌ലേസുകളും 12 പവനും നഷ്ടപ്പെട്ടെന്ന് സൂചന
തൊടുപുഴ: വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയ തക്കത്തിന് വീട് കുത്തിത്തുറന്ന് കവര്‍ച്ച. തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്തെ മരിയ കണ്‍സ്ട്രക്ഷന്‍സ് വര്‍ക്‌സ് ഉടമ അരയാല്‍ക്കുഴി അരുള്‍ദാസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
നാല് ഡയമണ്ട് നെക്‌ലേസുകളും 12 പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായാണ് നിഗമനം. വീട്ടുകാര്‍ തിച്ചെത്തിയ ശേഷമേ എന്തൊക്കെ നഷ്ടമായെന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്ന് പൊലിസ് പറഞ്ഞു. വീട്ടില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.45നാണ് മതില്‍ ചാടിക്കടന്ന് മൂന്നംഗ കവര്‍ച്ചാസംഘം വീടിന് മുന്നിലെത്തിയത്. സിസി ടിവി ക്യാമറ കണ്ണില്‍പ്പെട്ടതോടെ ഇവര്‍ മറ്റൊരിടത്തേക്ക് മാറി. തുടര്‍ന്ന് മുഖം മറച്ചു. ഇതിനു ശേഷം മുന്‍വാതിലിന്റെ പൂട്ട് ഇരുമ്പുകമ്പി ഉപയോഗിച്ച് തകര്‍ത്തു. വീടിനുള്ളിലെ താഴത്തെ നിലയിലെ കിടപ്പുമുറിയിലും മറ്റു രണ്ടു മുറികളിലുമാണ് പരിശോധന നടത്തിയത്. വസ്ത്രങ്ങളടക്കം എല്ലാം വാരി വലിച്ചിട്ട് പരിശോധിച്ചു. ഈ മുറികളിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ചിട്ടുണ്ട്. മറ്റു മുറികളിലെ അലമാരകളുടെ താക്കോല്‍ അതില്‍ത്തന്നെ ഉണ്ടായിരുന്നു. മുകള്‍ നിലയിലും മോഷ്ടാക്കള്‍ തിരഞ്ഞിട്ടുണ്ട്. 20,000 രൂപയും വീട്ടില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് വീട്ടുകാര്‍ വേളാങ്കണ്ണിയ്ക്ക് പോയത്. വൈകിട്ട് ഏഴിന് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരന്‍ വന്ന് ഗേറ്റ് പൂട്ടിയിരുന്നു. ഇന്നലെ രാവിലെ 6.45ന് ഈ ജീവനക്കാരന്‍ വീട്ടിലെത്തി ഗേറ്റ് തുറന്നിട്ടു. ഇതിന് ശേഷം വീട്ടിലെ കാര്‍ നന്നാക്കുന്നതിന് മെക്കാനിക്ക് എത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മോഷണം നടന്നതായ സംശയവും ജനിച്ചു.
ഉടനെ ജീവനക്കാരന്‍ അരുള്‍ദാസിനെ ഫോണില്‍ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ സമ്മതത്തോടെ വീടിനുള്ളില്‍ കടന്ന് ഇവര്‍ പരിശോധിച്ചു. കരിങ്കുന്നം പൊലിസിലും വിവരം അറിയിച്ചു.
വിരലടയാള വിദഗ്ധരും വൈകിട്ടോടെ ഡോഗ് സ്‌ക്വാഡും ഇവിടെ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പൊലിസ് നായ മണം പിടിച്ച ശേഷം ഒരു കിലോമീറ്ററോളം ഓടി പുത്തന്‍പള്ളി ഭാഗത്തെത്തി നിന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."