ഇന്ത്യയെ പരിഹസിച്ച് ചൈനീസ് മാധ്യമം
ബെയ്ജിങ്: ജി.ഡി.പി വളര്‍ച്ചയില്‍ ഇന്ത്യക്കേറ്റ തിരിച്ചടി ആഘോഷിച്ച് ചൈനീസ് മാധ്യമം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ഗ്ലോബല്‍ ടൈംസ് ' ആണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ആനയും വ്യാളിയും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടി എന്ന് പറഞ്ഞാണ് ലേഖനം രാജ്യത്തെ പരിഹസിക്കുന്നത്. ജനുവരി-ഏപ്രില്‍ കാലയളവില്‍ ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചയിലുണ്ടായ ഇടിവ് ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന രാജ്യമായി മാറാന്‍ ചൈനയെ സഹായിച്ചിരിക്കുന്നു. ഇത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ 'സെല്‍ഫ് ഗോളാ'ണ്. ഇനിയും സാമ്പത്തിക പരിഷ്കരണങ്ങള്‍ നടത്തി ഇന്ത്യ കൂടുതല്‍ സെല്‍ഫ് ഗോളുകള്‍ വാരിക്കൂട്ടില്ലെന്നാണ് പ്രതീക്ഷയെന്നും ലേഖനം പരിഹസിക്കുന്നു.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ പ്രശ്നങ്ങള്‍ സംഭവിച്ചതായാണ് അപ്രതീക്ഷിതമായ തിരിച്ചടി വ്യക്തമാക്കുന്നതെന്ന് നോട്ടുനിരോധനത്തെ സൂചിപ്പിച്ച് റിപ്പോര്‍ട്ട് വിലയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 6.1 ശതമാനമായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാനിരക്ക് ഇടിഞ്ഞിരുന്നു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷമിത് 7.6 ശതമാനമായിരുന്നു. ഇതുവഴി അതിവേഗം വളരുന്ന ലോകത്തെ ഒന്നാമത്തെ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഈ സ്ഥാനം ചൈനയാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മോദി പ്രഖ്യാപിച്ച നോട്ടുനിരോധനമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."