കൊല്ലോട്ടെ ക്വാറിയുടെ പ്രവര്‍ത്തനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍
കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കൊല്ലോട് മുള്ളുമലയിലെ ക്വാറി പ്രവര്‍ത്തനത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് സൂചന. പ്രവര്‍ത്തനം ആരംഭിക്കാന്‍ ഭരണകക്ഷിയിലെ ചിലര്‍ തന്നെ രംഗത്തിറങ്ങിയെന്നും പരക്കെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ഇക്കാര്യത്തില്‍ രഹസ്യ അന്വേഷണം ആരംഭിച്ചു.
വില്ലേജ്, താലൂക്ക് ഓഫിസുകള്‍ വഴിയാണ് പ്രവര്‍ത്താനുമതി നേടിയത്. അതിനിടെ നാട്ടുകാര്‍ കവാടത്തിനു മുന്നില്‍ പന്തല്‍ കെട്ടി സമരം തുടരുകയാണ്. ഇന്നലെയും ലോറികളും മറ്റു യന്ത്രങ്ങളും കടത്തിവിട്ടില്ല. എന്നാല്‍, ക്വാറിക്കുള്ളില്‍ പാറഖനം നടക്കുന്നുണ്ട്. ക്വാറി അടച്ചുപൂട്ടുന്നതുവരെ സമരം തുടരാനാണു തീരുമാനം.
ഇവരുടെ പരാതിയെ തുടര്‍ന്ന് കുളത്തുമ്മല്‍ വില്ലേജ് ഓഫിസറോട് അന്വേഷണം നടത്താനും ക്വാറി അനധികൃതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ സ്റ്റോപ്പ് മെമ്മോ കൊടുക്കാനും നെടുമങ്ങാട് റവന്യു ഡിവിഷനല്‍ ഓഫിസര്‍ നിര്‍ദേശിച്ചുവെങ്കിലും പാറഖനനം മുറയ്ക്ക് നടക്കുന്നുണ്ട്. പാറമടയ്ക്കു പ്രാദേശികാനുമതി നല്‍കിയ കാട്ടാക്കട പഞ്ചായത്ത് അധികൃതര്‍ ആരും ഇവിടേക്കു തിരിഞ്ഞുനോക്കിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തനം നിലച്ച ക്വാറിയാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. റോഡിലൂടെ പോയ വൃദ്ധയുടെ ദേഹത്ത് കരിങ്കല്‍ കഷണം വീണതും അവര്‍ മരണപ്പെട്ടതും ഇവിടെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
രത്‌നമ്മയുടെ മരണത്തിന് പിന്നാലെ ജനരോഷം ഇരമ്പുകയും ക്വാറികള്‍ അടച്ചിടുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ഖനനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശവും നല്‍കി. അതിനിടെ ഇവിടെ അനധികൃതമായാണ് സ്‌ഫോടകവസ്തുക്കള്‍ എത്തുന്നതെന്ന് സൂചന. ഇതിനായി നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അമോണിയം നൈട്രേറ്റ് അടക്കം വന്‍ തോതിലാണ് എത്തുന്നത്. അത് സൂക്ഷിക്കാനായി രഹസ്യഗോഡൗണുകളും ഉണ്ട്. തമിഴ്‌നാട്ടില്‍ നിന്നും അതീവരഹസ്യമായാണ് ഇവ എത്തുന്നത്.
അതിര്‍ത്തിയില്‍ എത്തുന്നവ ലോഡ് വണ്ടിയില്‍ തന്നെയാണ് കടത്തുന്നത്. ഇത് പരാതിയായി വന്നതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയെങ്കിലും അതെല്ലാം ഒതുങ്ങി.
പൊലിസിന്റെ കണ്‍വെട്ടത്തുകൂടിയുള്ള കടത്ത് നിര്‍ബാധം നടക്കുകയാണ്. സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നതിന് നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര എന്നിവ കേന്ദ്രീകരിച്ച് ഇതിനായുള്ള ഏജന്‍സികളും ഉള്ളതായി അധിക്യതര്‍ക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. രഹസ്യമായി ഇവ സൈറ്റുകളില്‍ എത്തിക്കാനും ആള്‍ക്കാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."