ആസിഡ് ആക്രമണ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി കോടതിയില്‍ കീഴടങ്ങി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (2) കോടതിയിലാണ് കേസിലെ പ്രതിയും യുവതിയുടെ മുന്‍ ഭര്‍ത്താവുമായ മാവൂര്‍ കണ്ണിപറമ്പ് അരണപ്പുറത്ത് സുഭാഷ് കീഴടങ്ങിയത്. പ്രതി വിദേശത്തേക്ക് കടക്കുമെന്ന സൂചനകളെ തുടര്‍ന്ന് പൊലിസ് വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതിനിടെയാണ് പൊലിസിന്റെ കണ്ണ് വെട്ടിച്ച് നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്. സുഭാഷിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുക്കം പൊലിസ് അറിയിച്ചു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലിസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറോടെ ആനയാത്ത് ക്ഷേത്രത്തിനടുത്ത കോളനി പരിസരത്ത് വച്ചാണ് യുവതിയെ സുഭാഷ് ആക്രമിച്ചത്. സ്വകാര്യ ഹോമിയോ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റായ സ്വപ്ന (31) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിജനമായ സ്ഥലത്ത് കാട്ടില്‍ ഒളിച്ചിരുന്ന പ്രതി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയും തുടര്‍ന്ന് കത്തി കൊണ്ട് കുത്തിയും വെട്ടിയും പരുക്കേല്‍പ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ സംഭവ സ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് സുഭാഷ് എടുത്തതാണെന്നാണ് സംശയം. കുവൈത്തില്‍ ജോലി ചെയ്യുന്ന സുഭാഷ് വീട്ടുകാരെ പോലും അറിയിക്കാതെ നാട്ടിലെത്തി ആസൂത്രിതമായി കൃത്യം നടത്തുകയായിരുന്നുവെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."