പെന്‍ഷന് പുറമെ മദ്‌റസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍
കോഴിക്കോട്: പെന്‍ഷന് പുറമെ കേരളാ മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ മദ്‌റസാ അധ്യാപകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചെയര്‍മാന്‍ എം.ടി അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേമനിധിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും അംശാദായം അടച്ചവര്‍ക്ക് രോഗമോ അപകടമോ വന്നു തൊഴില്‍ എടുക്കാന്‍ കഴിയാതെ വന്നാല്‍ അവശതാ പെന്‍ഷന്‍, അംഗം മരണമടഞ്ഞാല്‍ കുടുംബ പെന്‍ഷന്‍, അംഗങ്ങളുടെയും അവരുടെ പെണ്‍മക്കളുടെയും വിവാഹത്തിനുള്ള ധനസഹായം, പ്രസവാനുകൂല്യം, ഭവന നിര്‍മാണ വായ്പ, ചികിത്സാ സഹായം, മരണാനന്തര ചടങ്ങുകള്‍ക്ക് ധനസഹായം, സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ധനസഹായം എന്നിവയാണ് ബോര്‍ഡ് അംഗങ്ങള്‍ക്കായി പുതുതായി നടപ്പിലാക്കുന്നത്.
ഇപ്പോള്‍ ക്ഷേമനിധിയില്‍ 22,756 പേര്‍ അംഗങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. 20 വയസ് പൂര്‍ത്തിയായതും 55 വയസ് കവിയാത്തവരുമായ മദ്‌റസാ അധ്യാപരെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. അംഗത്വമെടുക്കുന്ന അധ്യാപകന്‍ പ്രതിമാസം 100 രൂപയാണ് അംശാദായമായി അടക്കേണ്ടത്. ഇതില്‍ 50 രൂപ ബന്ധപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റിയാണ് നല്‍കേണ്ടത്. 60 വയസിനു ശേഷം 1500 രൂപ മുതല്‍ 7500 രൂപ വരെ പെന്‍ഷന്‍ ലഭിക്കും.
ആറുമാസക്കാലം തുടര്‍ച്ചയായി അംശാദായം അടക്കാതിരിക്കുകയോ അതാത് സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ തുകയും മാര്‍ച്ച് 10 ന് മുന്‍പ് അടക്കാതിരിക്കുകയോ ചെയ്താല്‍ അംഗത്വം നഷ്ടപ്പെടും. ഇങ്ങനെ നഷ്ടപ്പെടുന്ന അംഗത്വം പുതുക്കിയാല്‍ മാത്രമെ പിന്നീട് വിഹിതം അടക്കാന്‍ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു.
ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഒ.പി.ഐ കോയ, അഡ്വ.എ.കെ ഇസ്മാഈല്‍ വഫ, സിദ്ദിഖ് മൗലവി അയനിക്കാട്, സെക്രട്ടറി പി.എം ഹമീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."