എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍.ടി ഓഫിസുകള്‍ സ്ഥാപിക്കും: മന്ത്രി
കോഴിക്കോട്: ജോയിന്റ് ആര്‍.ടി ഓഫിസുകള്‍ ഇല്ലാത്ത എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍.ടി ഓഫിസ് സ്ഥാപിക്കുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കൊയിലാണ്ടി സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിനു പുതിയതായി അനുവദിച്ച ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രീം മാളില്‍ രണ്ടാംനിലയിലാണു പുതിയ ഓഫിസ് സജ്ജമാക്കിയത്. വൃത്തിയും സൗകര്യവുമുള്ള ഓഫിസുകള്‍ ഉണ്ടാകണമെന്നും ഇതിന്റെ ഭാഗമായാണു പഴയ ഓഫിസുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ റോഡ് സുരക്ഷയുമായും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി സേഫ് കേരള പദ്ധതിക്ക് സംസ്ഥാനമാണു രൂപംനല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ജില്ലാ കേന്ദ്രത്തിലെയും സംസ്ഥാന തലത്തെയും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയും വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ഇതിന്റെ ആദ്യബാച്ചിനുള്ള ട്രെയിനിങ് കഴിഞ്ഞ അഞ്ചാം തിയതി പൂര്‍ത്തിയാക്കുകയും രണ്ടാം ബാച്ചിന്റെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനു പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, മുന്‍ എം.എല്‍.എ പി. വിശ്വന്‍ മാസ്റ്റര്‍, കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധസംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഡോ. പി.എം മുഹമ്മദ് നജീബ് സ്വാഗതവും വടകര ആര്‍.ടി.ഒ വി.വി മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."