ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം പ്രസിഡന്റുമായുള്ള ശത്രുത ഈസ്റ്റര്‍ദിന ബോംബാക്രമണത്തിനു കാരണമായി
കൊളംബോ: ഏപ്രില്‍ 21 ന് ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടന പരമ്പര നടക്കുന്നതിന് പ്രസിഡന്റ് മൈത്രിപാല സിരിസേനയും താനും തമ്മിലെ ശത്രുത ഒരു കാരണമായെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.
258 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിന ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.
വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ആക്രമണം തടയാന്‍ നടപടിയെടുക്കാതിരുന്നത് പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലെ അകല്‍ച്ച കാരണമാണെന്ന് തുടക്കംമുതലേ പരാതി ഉയര്‍ന്നിരുന്നു. ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങള്‍ പൊലിസ് മേധാവി പ്രസിഡന്റിന് കൈമാറിയിരുന്നില്ല.
ഇതേത്തുടര്‍ന്ന് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം തന്റെ പ്രത്യേക അധികാരമുപയോഗിച്ച് പൊലിസ് മേധാവിയെ പുറത്താക്കിയിരുന്നു. തന്റെ വീഴ്ചകള്‍ മൂലമാണ് ആക്രമണം തടയാന്‍ കഴിയാതിരുന്നതെന്ന് പ്രധാനമന്ത്രി മൊഴി നല്‍കിയതായാണ് വിവരം.
ഭീകരസംഘടനയായ ഐ.എസ് പ്രാദേശിക ഭീകരസംഘടനകളുടെ സഹായത്തോടെ നടത്തിയതാണ് ഭീകരാക്രമണമെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഐ.എസിന്റെ ബന്ധം അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നും സമാന രീതിയില്‍ ചിന്തിക്കുന്ന പ്രാദേശിക തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്നും പിന്നീട് അധികൃതര്‍ പറഞ്ഞു.
അതിനിടെ മയക്കുമരുന്ന് മാഫിയയാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് സിരിസേന പ്രഖ്യാപിച്ചതോടെ ആക്രമണത്തിനു പിന്നിലാരെന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ബുദ്ധ-ക്രൈസ്തവ തീവ്രവാദികള്‍ പൊലിസിന്റെ മൗനാനുവാദത്തോടെ രാജ്യത്തെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണങ്ങള്‍ നടത്തിയിരുന്നു.
മുസ്‌ലിം പള്ളികളും ആക്രമണത്തിനിരയായി. മന്ത്രിസഭയിലെ മുസ്‌ലിം മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."