പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: പാരിസ് ഉടമ്പടിയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം അമേരിക്കക്ക് തിരിച്ചടിയാകുന്നു. സഖ്യകക്ഷികളടക്കം ലോക രാഷ്ട്രങ്ങളെല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആഗോള താപനം നിയന്ത്രിക്കാനുള്ള ചരിത്രപരമായ ഉടമ്പടിയില്‍ നിന്ന് പിന്മാറിയ അമേരിക്കന്‍ നടപടി കരാറിനെ പ്രതികൂലമായി ബാധിക്കും.
നിലവില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് അമേരിക്ക.യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടക്കമുള്ള ലോകനേതാക്കളുടെ അപേക്ഷ തള്ളിക്കളഞ്ഞ് ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് ട്രംപ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. അമേരിക്കയുടെ സാമ്പത്തികവളര്‍ച്ച മുരടിപ്പിക്കാനും രാജ്യത്തെ ദരിദ്രാവസ്ഥയിലാക്കാനുമായി പടച്ചുണ്ടാക്കിയതാണ് ഉടമ്പടിയെന്ന് വൈറ്റ്ഹൗസിലെ റോസ്ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആരോപിച്ചു.
ഇത് ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കു വേണ്ടി തയാറാക്കിയതാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുകയെന്ന അടിസ്ഥാനപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാനാണ് പാരിസ് ഉടമ്പടിയില്‍നിന്ന് പിന്‍മാറുന്നത്. യു.എസിനു കൂടി സ്വീകാര്യമായ തരത്തില്‍ ഉടമ്പടി മാറ്റുന്നതിനെ കുറിച്ചോ പുതിയ കരാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചോ ചര്‍ച്ച ചെയ്യും-ട്രംപ് അറിയിച്ചു. പ്രസംഗത്തില്‍ സഖ്യകക്ഷികള്‍ക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് സംസാരിച്ചത്. നമ്മെ പരിഹസിക്കുന്ന രാജ്യങ്ങളെയും രാഷ്ട്രനേതാക്കളെയും നമുക്ക് ആവശ്യമില്ല. താന്‍ പിറ്റ്‌സ്ബര്‍ഗിന്റെ ജനപ്രതിനിധിയാണ്, പാരിസിന്റേതല്ലെന്നും ട്രംപ് ആഞ്ഞടിച്ചു. രാജ്യത്തിന്റെ എണ്ണ, കല്‍ക്കരി ഉല്‍പാദനത്തിനു സഹായകമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
തീരുമാനത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധമാണ് ശക്തിപ്പെടുന്നത്.
ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നയുടന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ഗെന്റിലോനി എന്നിവര്‍ ചേര്‍ന്ന് പാരിസ് ഉടമ്പടി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി.
യു.എന്‍, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ചൈന, കാനഡ, ജപ്പാന്‍, ബ്രസീല്‍, റഷ്യ, ഇന്ത്യ, സ്വീഡന്‍, യൂറോപ്യന്‍ യൂനിയന്‍, യൂറോപ്യന്‍ കമ്മിഷന്‍ എന്നിങ്ങനെ യു.എസ് തീരുമാനത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിപക്ഷനിര ശക്തിപ്പെടുകയാണ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ബേണി സാന്‍ന്റേഴ്‌സ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരടക്കം യു.എസിലും ട്രംപിനെതിരേ വന്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ട്രംപിനെതിരേ ലോകം പ്രതികരിക്കുന്നു
'ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറക്കാനായി ആഗോളതലത്തില്‍ നടക്കുന്ന കൂട്ടായ പരിശ്രമങ്ങളില്‍ നിരാശ ജനിപ്പിക്കുന്ന പ്രധാന തീരുമാനമാണ് അമേരിക്കയെടുത്തത്. പരിസ്ഥിതി വിഷയങ്ങളുടെ നേതൃസ്ഥാനത്ത് അമേരിക്ക നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്'.
അന്റോണിയോ ഗുട്ടറസ്, യു.എന്‍ സെക്രട്ടറി ജനറല്‍
'നിരാശാഭരിതം. ഭൂമിയിലുള്ള ഭാവിജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരെല്ലാം ഒന്നിച്ച് പോരാടണം.'
ആംഗെലാ മെര്‍ക്കല്‍, ജര്‍മന്‍ ചാന്‍സലര്‍
'ജീവന്‍ സാധ്യമായ മറ്റൊരു ഗ്രഹമില്ലാത്തതിനാല്‍ മറ്റൊരു പദ്ധതിയും നമുക്ക് മുന്‍പിലില്ല. പാരിസ് കരാറില്‍ വിട്ടുവീഴ്ചയ്ക്കില്ല. നമ്മുടെ ഗ്രഹത്തെ നല്ല നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എല്ലാവര്‍ക്കും കൂട്ടായി പരിശ്രമിക്കാം.'
ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രഞ്ച് പ്രസിഡന്റ്
'യു.എസ് നടപടിയില്‍ നിരാശയുണ്ട്. ബ്രിട്ടന്‍ ഉടമ്പടിയില്‍ തന്നെ ഉറച്ചുനില്‍ക്കും.'
തെരേസാ മേ, ബ്രിട്ടീഷ് പ്രധാനമന്ത്രി
'കാലാവസ്ഥാ വ്യതിയാനം തടയാന്‍ ആവശ്യമായത് ലോകരാഷ്ട്രങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് ധാര്‍മികമായ കുറ്റകൃത്യമാകും'.
പ്രധാനമന്ത്രി നരേന്ദ്ര മോദി
'കാലാവസ്ഥാ വ്യതിയാനം ആഗോള വെല്ലുവിളിയാണ്. ഒരു രാജ്യത്തിനും അതില്‍നിന്നു മാറിനില്‍ക്കാനാകില്ല'.
ഹുവാ ചുന്‍യിങ്, ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ്
'ലോകത്തെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ യു.എസ് ഉള്‍പ്പെടാത്ത പാരിസ് ഉടമ്പടി വ്യര്‍ഥമാകും'.
ദിമിത്രി പെസ്‌കോവ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ്
'ഭാവിതലമുറയുടെ ഭൂമിയിലുള്ള അതിജീവനം സാധ്യമാക്കാനുള്ള അവസാനത്തെ അവസരവും തള്ളിക്കളയുന്ന തീരുമാനം.'
മാര്‍ഗോട്ട് വാള്‍സ്റ്റോം, സ്വീഡിഷ് വിദേശകാര്യ മന്ത്രി
'യു.എസ് ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തുന്നു. കാലാവസ്ഥാ മാറ്റത്തിനെതിരേയുള്ള പോരാട്ടത്തില്‍ കാനഡ അടിയുറച്ചുനില്‍ക്കും'.
ജസ്റ്റിന്‍ ട്രൂഡ്, കാനേഡിയന്‍ പ്രധാനമന്ത്രി
'നിരാശയുണ്ടാക്കുന്നതാണെങ്കിലും തീരുമാനത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ട്രംപ് തന്നെ നേരത്തെ വാഗ്ദാനം ചെയ്തതായതിനാല്‍ എല്ലാവരും ഇത് പ്രതീക്ഷിച്ചിരുന്നു. ആസ്‌ത്രേലിയ പാരിസ് ഉടമ്പടിയില്‍നിന്ന് പിന്നോട്ടില്ല'.
മാല്‍ക്കം ടേണ്‍ബുള്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."