തെരുവുനായശല്യത്തില്‍ പൊറുതിമുട്ടി പിരായിരി പള്ളിക്കുളം നിവാസികള്‍
പിരായിരി: ജനവാസമേഖലകളില്‍ തെരുവുനായ ശല്യത്താല്‍ ജനം പൊറുതിമുട്ടുമ്പോഴും നടപടിയെടുക്കാതെ ഭരണസമിതികള്‍. പിരായിരി മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. പിരായിരി ചുങ്കം മുതല്‍ കൊടുന്തിരപ്പുള്ളി വരെയുള്ള ഭാഗത്ത് കാലങ്ങളായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇതില്‍ കൂടുതലും ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് പള്ളിക്കുളം മേഖലയിലാണ്. പിരായിരി പഞ്ചായത്തിലെ 9,10 വാര്‍ഡുകളില്‍പ്പെടുന്ന പള്ളിക്കുളത്തെ റോഡിനിരുവശത്തുമുള്ള കോളനികളിലും മറ്റുമായുള്ള വീട്ടുകാര്‍ തെരുവുനായ ശല്യത്താല്‍ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോള്‍.
പകല്‍ സമയത്ത് വീടുകളിലും ഫ്‌ളാറ്റുകളിലുമൊക്കെ കയറി ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവ കടിച്ചുകൊണ്ടു പോവുന്നത് പതിവാണ്. ഇതിനു പുറമെ രാത്രി 10 മണി കഴിഞ്ഞാല്‍ കൂട്ടത്തോടെ വീടുകളിലെത്തി ഓരിയിടുന്നതും കടികൂടുന്നതും മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം പള്ളിക്കുളത്തെ മൂന്നു വയസ്സുള്ള കുഞ്ഞിനെ ആക്രമിക്കാന്‍ ചെന്ന നായ്ക്കളില്‍ നിന്നു വീട്ടുകാര്‍ തക്ക സമയത്തിടപെട്ടതോടെ കുഞ്ഞിനെ രക്ഷിക്കാനായി.
11 മണി കഴിഞ്ഞാല്‍ പൊതുവെ വിജനമാകുന്ന പ്രദേശമായതിനാല്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നതും ഇവിടെയാണ്. രാത്രി ഇതുവഴി വരുന്ന കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇതുമൂലം ഭീഷണിയായിരിക്കുകയാണ്. നായ്ക്കളെ പ്രതിരോധിക്കാന്‍ മിക്കയിടത്തും നീലക്കളര്‍ വെള്ളം കുപ്പികളില്‍ നിറച്ചുവച്ചുള്ള മാര്‍ഗ്ഗങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്.
പള്ളിക്കുളത്തെ വസന്തനഗറിലേക്കു തിരിയുന്നിടത്തെ ഒഴിഞ്ഞപ്രദേശം മാലിന്യനിക്ഷേപകേന്ദ്രമായി മാറിയതാണ് ഇവിടം തെരുവുനായ്ക്കളുടെ കേന്ദ്രമായിമാറാന്‍ കാരണമായത്. മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡും നാളുകള്‍ കഴിഞ്ഞതോടെ കാണാതായി.
പൊതുവെ നായ്ക്കളുടെ വിഹാരകേന്ദ്രമാണെങ്കിലും കന്നിമാസംകൂടിയായതോടെ നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. പഞ്ചായത്ത് തലത്തിലെ മാലിന്യനിര്‍മ്മാജനവും മാലിന്യസംസ്‌കരണവുമില്ലാത്തതും നായ്ക്കളുടെ വന്ധ്യംകരണം വഴിപാടായതുമെല്ലാമാണ് അനുദിനം മേഖലയില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കാന്‍ കാരണമായത്. ജനവാസമേഖലയ്ക്കു ഭീഷണിയായാ തെരുവുനായ ശല്യം നിയന്ത്രിക്കണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."