ബാങ്കുകള്‍ക്ക് തുടര്‍അവധി: എ.ടി.എമ്മുകളില്‍ പണമില്ലാതെ വലഞ്ഞ് ഇടപാടുകാര്‍
പാലക്കാട്: സംസ്ഥാനത്തെ ബാങ്കുകള്‍ തുടര്‍ച്ചയായ മൂന്നു ദിവസം അവധിയായതിനാല്‍ ഇടപാടുകാര്‍ വലഞ്ഞു. പൊതുമേഖലാ ബാങ്കുകളുള്‍പ്പെടെ എല്ലാ ബാങ്ക് ജീവനക്കാരും നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. പിറ്റേ ദിവസം നാലാം ശനിയായതിനാല്‍ അന്നും തുടര്‍ന്ന് ഞായറാഴ്ചയും കൂടിയായതോടെ ബാങ്കുകള്‍ക്ക് മൂന്നുദിവസം അവധിയായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ തന്നെ മിക്ക ബാങ്കുകളുടെ എ.ടി.എമ്മുകളും കാലിയായിത്തുടങ്ങി. ഞായറാഴ്ചയോടെ എ.ടി.എമ്മുകളില്‍ പൂര്‍ണമായി പണം ഇല്ലാതായി.
ബാങ്കില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളുടെ കൈവശം ഉള്ള പണവും തീര്‍ന്നതോടെ മിക്ക എ.ടി.എമ്മുകളും നോക്കുകുത്തികളായി. റെയില്‍വേ സ്‌റ്റേഷനുകളില്‍ വന്നിറങ്ങിയവരും ആശുപത്രികളില്‍ രോഗികളുമായി കഴിയുന്നവരുമാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടിയത്. ചില ബാങ്കുകളുടെ എ.ടി.എമ്മുകള്‍ പണം കാലിയായതിനെ തുടര്‍ന്ന് അടച്ചിട്ടു. എന്നാല്‍ എ.ടി.എമ്മുകള്‍ക്കു മുന്‍പില്‍ കാവലിരുന്ന സെക്യൂരിറ്റിക്കാരോട് പണമില്ലാത്തതിന്റെ പേരില്‍ ഇടപാടുകാര്‍ തട്ടിക്കയറിയ സംഭവങ്ങളുമുണ്ടായി.
നഗരപ്രദേശങ്ങളില്‍ കൂടുതല്‍ എ.ടി.എമ്മുകള്‍ ഉണ്ടെങ്കിലും ഗ്രാമീണ മേഖലകളിലാണ് ബുദ്ധിമുട്ടിലായത്. ബാങ്കുകള്‍ക്ക് തുടര്‍ച്ചയായുള്ള അവധി ദിനങ്ങള്‍ വരുമ്പോള്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്താത്തതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപാടുകാര്‍ക്ക് ദുരിതം തീര്‍ക്കുന്നത്. മാത്രമല്ല മിക്ക പുതുതലമുറ ബാങ്കുകളും എ.ടി.എം ഇടപാടുകളുടെ എണ്ണത്തില്‍ കുറവു വരുത്തിയതു മൂലം ഇടപാടുകാര്‍ക്ക് ബാങ്കില്‍ നേരിട്ടെത്തി പണമെടുക്കാന്‍ സാധിക്കാതെ വന്നു.
നേരത്തെ ഇത്തരത്തില്‍ അടുപ്പിച്ച് മൂന്നു ദിനങ്ങളില്‍ ബാങ്ക് അവധി വന്നിരുന്നപ്പോള്‍ ഇടപാടുകാര്‍ എ.ടി.എമ്മില്‍നിന്നും പണമെടുക്കാനാവാതെ വലഞ്ഞിരുന്നു.
ഇതിനു പുറമെ ചില ബാങ്കുകളില്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ മിക്കവയും പ്രവര്‍ത്തനരഹിതമാണെന്നതിനാല്‍ ഇടപാടുകാര്‍ക്ക് പണം നിക്ഷേപിക്കാനും പറ്റുന്നില്ല.
ദീര്‍ഘദൂര യാത്രകള്‍ക്കുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് എ.ടി.എം ഇടപാടുകളെ ആശ്രയച്ചിരുന്ന സാധാരണക്കാര്‍ക്കും ഇത്തരത്തില്‍ ബാങ്കുകളുടെ തുടര്‍ച്ചയായുള്ള അവധി ദിനങ്ങള്‍ പ്രത്യക്ഷത്തില്‍ ഇരുട്ടടിയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."