നായാട്ടുകാരായ മകനും പേരമകനും കള്ളത്തോക്കുമായി പിടിയില്‍
നിലമ്പൂര്‍: പോത്തുകല്ലില്‍ വീട്ടമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ കള്ളത്തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ വീട്ടമ്മയുടെ മകനും പേരമകനും പൊലിസ് പിടിയിലായി.
പോത്തുകല്‍ പനങ്കയം കൂവക്കോല്‍ പൂച്ചക്കുഴിയില്‍ തങ്കച്ചന് (55), ഇയാളുടെ മകന് ഷൈന്‍ (30) എന്നിവരാണ് പൊലിസ് പിടിയിലായത്.
ജൂലൈ 25ന് മാതാവ് ഏലിക്കുട്ടിയെ (90) കാണാതായതായി കാണിച്ച് തങ്കച്ചന് പോത്തുകല്‍ പൊലിസില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃഗവേട്ടക്കാര്‍ പിടിയിലാകുന്നത്. ഏലിക്കുട്ടിയെ കാണാതായി രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ എടക്കര സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ കിണറുകളും കുളങ്ങളും ഫയര്‍ ഫോഴ്സിനെയും വനപാലകരെയും ഉള്‍പ്പെടുത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. സെപ്റ്റംബര്‍ പത്തിന് ഏലിക്കുട്ടി തനിച്ച് താമസിച്ചിരുന്ന വീടിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ കിണര്‍ വറ്റിച്ച് നടത്തിയ പരിശോധനയില്‍ നിരവധി മൃഗങ്ങളുടെ അസ്ഥികളും തലയോട്ടികളും കണ്ടെത്തെി. സംഭവത്തില്‍ വനംവകുപ്പ് നടപടി ആരംഭിച്ചതോടെ തങ്കച്ചനും മകന് ഷൈനും ഒളിവില്‍ പോകുകയായിരുന്നു.
ഏലിക്കുട്ടിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിനായി പ്രത്യേക സംഘം ഇരുവരെയും പലതവണ തേടിയെത്തെിയെങ്കിലും നേരില്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നായാട്ടു സംഘത്തെ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി.
തുടര്‍ന്നാണ് കര്‍ണാടകയിലെ കഡുബ ഉള്‍ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഷൈനിനെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെത്തി ഷൈനിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ തങ്കച്ചന് കോടഞ്ചേരിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു.
തങ്കച്ചനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് നായാട്ടിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തത്.
എടവണ്ണ ഒതായി ചാത്തല്ലൂര്‍ സ്വദേശിയായ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം തോക്കും തിരകളും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മൊബൈല്‍ ഫോണുകളും ചാത്തല്ലൂരില്‍ ഒളിപ്പിച്ചുവച്ചാണ് ഷൈന്‍ കര്‍ണാടകയിലേക്ക് കടന്നത്. ഷൈനിനെ പിന്നീട് സ്ഥലത്തെത്തിച്ച് പൊലിസ് ഇവ കണ്ടെടുത്തു.
തോക്ക് ഉപയോഗിച്ച് നായാട്ടിന് കൂടെ പോയതിന് തങ്കച്ചനെയും പൊലിസ് അറസ്റ്റ് ചെയ്തു. ഇതിന് പുറമെ, ചോദ്യം ചെയ്യലില്‍ പ്രദേശത്ത് കള്ളത്തോക്ക് ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെക്കുറിച്ചും വില്പന നടത്തുന്നവരെക്കുറിച്ചും പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ കള്ളത്തോക്ക് നിര്‍മാണവും ഉപയോഗവും നടക്കുന്നത് ഗൗരവമായാണ് കാണുന്നതെന്ന് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് പറഞ്ഞു.
ഏലിക്കുട്ടിയുടെ തിരോധാനത്തെക്കുറിച്ചും പൊലിസ് ഇവരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."