സമീപകാല കോടതി വിധികളില്‍ നിയമനിര്‍മാണ സഭകള്‍ ഇടപെടണം: മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: സമീപകാലത്തുണ്ടായ കോടതി വിധികളില്‍ മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. രാജ്യം കാത്തുസൂക്ഷിച്ചുവരുന്ന ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്കെതിരായ വിധികളാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിതബന്ധം കുറ്റമല്ലാതാക്കുന്ന വിധിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ധാര്‍മിക സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിര്‍ത്തുന്നത്. ഇതിനെ സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനും പാര്‍ലമെന്റും നിയമസഭകളും അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും വിവാഹമോചനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും വിശ്വാസത്തിലും മത ജീവിതത്തിലുമുള്ള അന്യായമായ ഇടപെടലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ളത്. ഇത്തരം കോടതി വിധികളില്‍ നിയമപരമായി കൂട്ടായ ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു.
കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃയോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി, എം.സി മായിന്‍ ഹാജി (മുസ്‌ലിം ലീഗ്) കെ.ടി ഹംസ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി (സമസ്ത) ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പി.പി ഉണ്ണീന്‍കുട്ടി മൗലവി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി. മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‌ലാമി) ഇ.എം അബൂബക്കര്‍ മൗലവി, ഇ.പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ) ടി.കെ അഷ്‌റഫ്, ഹുസൈന്‍ ടി കാവനൂര്‍ (വിസ്ഡം), ഡോ. പി.എ ഫസല്‍ ഗഫൂര്‍, സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."