കുന്ദമംഗലം സ്വദേശി വാസിലിന് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളജ്
തിരുവനന്തപുരം: കോഴിക്കോട് കുന്ദമംഗലം വെളുത്തേടത്തുതാഴം ഉണ്ണിമോയി തന്റെ മകനായ വാസിലിനേയും (21) കൊണ്ട് കോഴിക്കേട് മെഡിക്കല്‍ കോളജില്‍ നിന്ന് ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് യാത്ര തിരിക്കുമ്പോള്‍ ശുഭപര്യവസായിയാകുമെന്ന് ഒരിക്കലും കരുതിയില്ല.
ഉണ്ണിമോയിയുടെ മൂത്ത മകനാണ് വാസില്‍. ഐ.ടി.ഐ ഇലക്‌ട്രോണിക്‌സ് അവസാനവര്‍ഷ വിദ്യാര്‍ഥി. ഏപ്രില്‍ 28ന് പല്ലില്‍ ഇട്ടിരുന്ന ക്ലിപ്പ് മുറുക്കാനായി വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോയതായിരുന്നു തുടക്കം. മോണയില്‍ പഴുപ്പ് കണ്ട് അത് ഡോക്ടര്‍ വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ അമിതമായ രക്തസ്രാവമുണ്ടായി. രക്തം നില്‍ക്കുന്നില്ലെന്ന് കണ്ട് ഉടന്‍തന്നെ വാസിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആഞ്ചിയോഗ്രാം, എക്കോ, സ്‌കാനിങ് തുടങ്ങിയ പരിശോധനകള്‍ നടത്തി.
ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍ എന്ന രോഗമായിരുന്നു വാസിലിന്. എന്നാല്‍ ഈ രോഗചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൗകര്യമില്ലാത്തതിനാല്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലോ തിരുവനന്തപുരം മെഡിക്കല്‍ കോളജിലോ കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത്തരം രോഗത്തിന് വിദഗ്ധ ചികിത്സ ബംഗളൂരിലുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയെങ്കിലും ചെലവു താങ്ങാന്‍ കഴിയാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു.
മെയ് നാലാം തിയതി വാസിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്രീ ചിത്രയില്‍ എമ്പോളൈസ് ചെയ്ത് ഞരമ്പ് ബ്ലോക്ക് ചെയ്തു. തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. അജയകുമാര്‍, ഒ.എഫ്.എം.എസ്. വിഭാഗത്തിലെ ഡോ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവന്ന വാസിലിനെ കഴിഞ്ഞ മാസം 18ാം തിയതി ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ തുടര്‍ പരിശോധനയില്‍ വാസിലിന്റെ മുറിവുകള്‍ ഉണങ്ങിയതായും ആരോഗ്യം വീണ്ടെടുത്തതായും കണ്ടെത്തി. മൂന്ന് മാസത്തിന് ശേഷം എം.ആര്‍.ഐ. സ്‌കാനിങ് പരിശോധന നടത്തി ആവശ്യമെങ്കില്‍ ഒരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."