കാര്‍ഗോ കമ്പനി പൂട്ടി ഉടമ മുങ്ങി; വെട്ടിലായി പ്രവാസികള്‍
കാസര്‍കോട്: കാര്‍ഗോ കമ്പനി ഓഫിസ് മുന്നറിയിപ്പില്ലാതെ പൂട്ടിയതിനെ തുടര്‍ന്നു പാര്‍സലുകള്‍ അയച്ച പ്രവാസികള്‍ വെട്ടിലായി. ദുബൈ നയിഫില്‍ വെസ്റ്റ് ഹോട്ടലിനു പിറകുവശത്ത് വര്‍ഷങ്ങളായി മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഗോ ഓഫിസാണ് പൂട്ടിയത്.
കാസര്‍കോട് എരിയാല്‍ സ്വദേശി ഹനീഫ്, ചെന്നൈ സ്വദേശി മുത്തുവേലു, കോഴിക്കോട് വടകര സ്വദേശി റഫീഖ് തുടങ്ങി നിരവധി പേര്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലിസിനെ സമീപിച്ചു. വീട്ടുപകരണങ്ങളടക്കമുള്ള സാധനങ്ങളും ഇതയയ്ക്കാനായി നല്‍കിയ 25,000 ദിര്‍ഹവുമാണ് ഹനീഫിനു നഷ്ടപ്പെട്ടത്.
15 ദിവസം മുന്‍പാണു ഡോര്‍ ടു ഡോര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവുമായിരുന്നു ഇവര്‍ സാധനങ്ങള്‍ അയച്ചിരുന്നത്.
ഒരു കിലോ സാധനങ്ങള്‍ക്കു 11 ദിര്‍ഹം നിരക്കിലാണ് വിമാനമാര്‍ഗമുള്ള കാര്‍ഗോ നിരക്ക്. കപ്പല്‍മാര്‍ഗം എട്ടു ദിര്‍ഹവും. ഇത്തരത്തില്‍ ആളുകളില്‍നിന്നു വാങ്ങിയ ലക്ഷക്കണക്കിന് ദിര്‍ഹവുമായാണ് ഉടമ മുങ്ങിയതെന്നു പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."