പരാതികളുടെ കെട്ടഴിച്ച് ജീവനക്കാരും രോഗികളും
കൊല്ലം: ആശുപത്രികളിലെ സൗകര്യങ്ങളും അസൗകര്യങ്ങളും കണ്ടറിഞ്ഞ് വിലയിരുത്താനെത്തിയ മന്ത്രിക്കു മുന്നില്‍ ജീവനക്കാരും രോഗികളും മനസു തുറന്നു.
എല്ലാം ക്ഷമയോടെ കേട്ട്, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാമെന്നും വീണ്ടും വരാമെന്നും ഉറപ്പു നല്‍കിയാണ് മന്ത്രി കെ കെ ശൈലജ മടങ്ങിയത്. ഇന്നലെ രാവിലെ പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മലിനജല ശുദ്ധീകരണ ശാലയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു ആശുപത്രി സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി കൊല്ലത്തെത്തിയത്. നഗരത്തില്‍ ജില്ലാ ആശുപത്രിയിലായിരുന്നു ആദ്യ സന്ദര്‍ശനം.
എം മുകേഷ് എം എല്‍ എ, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, മറ്റ് ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആശുപത്രിയിലെ വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ നാലാം നിലയിലെ മെഡിക്കല്‍ വാര്‍ഡിനോടനുബന്ധിച്ചുള്ള ബാത്ത് റൂമിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാരിലൊരാള്‍ മന്ത്രിയോടു പറഞ്ഞു. അവിടം പരിശോധിച്ച് മൂന്നാം നിലയിലെത്തിപ്പോള്‍ രോഗിയായ സ്ത്രീയെ ബന്ധുക്കുള്‍ ചുമലില്‍ താങ്ങി ബാത്ത് റൂമില്‍നിന്ന് ബെഡിലേക്ക് കൊണ്ടുപോകുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടു.
വീല്‍ചെയര്‍ ഉള്ളപ്പോള്‍ രോഗികളെ ഇങ്ങനെ കൊണ്ടുപോകുന്നത് ആവര്‍ത്തിക്കരുതെന്ന് ജീവനക്കാരോട് മന്ത്രി നിര്‍ദേശിച്ചു. ടെലി മെഡിസിന്‍ ഹാള്‍, കാര്‍ഡിയാക് ഐ.സി.യു തുടങ്ങിയവയും സന്ദര്‍ശിച്ചശേഷം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളുമായി ചര്‍ച്ച നടത്തി. ആശുപത്രിയുടെ നിലവിലെ സ്ഥിതി വിവരിച്ച ആശുപത്രി സൂപ്രണ്ട് ഡോ എസ് ഉഷാകുമാരി വികസന സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വിശദമായ അപേക്ഷ മന്ത്രിക്കു സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയില്‍നിന്ന് ഉച്ചഭക്ഷണത്തിനുശേഷം പാലിയേറ്റീവ് കെയര്‍ യൂണിറ്റിലും വിക്‌ടോറിയ ആശുപത്രിയിലും ജില്ലാ ആയൂര്‍വേദ ആശുപത്രിയിലും ജില്ലാ ഹോമിയോ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. എല്ലായിടത്തും രോഗികളോടും ജീവനക്കാരോടും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
സന്ദര്‍ശനപരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ജൂലിയറ്റ് നെല്‍സണ്‍, ഇ എസ് രമാദേവി, അംഗങ്ങളായ അനില്‍ എസ് കല്ലേലിഭാഗം, കെ ശോഭന, ടി ഗിരിജാകുമാരി, ബി സേതുലക്ഷ്മി, ആര്‍ രശ്മി, സി രാധാമണി, ജില്ലാ ആശുപത്രി മനേജിംഗ് കമ്മിറ്റിയംഗങ്ങളായ അജയകുമാര്‍, തൊടിയില്‍ ലൂക്ക്മാന്‍, കുരീപ്പുഴ മോഹനന്‍, തടത്തിവിള രാധാകൃഷ്ണന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി, ഡോ വി കെ പ്രിയദര്‍ശിനി, ഡോ എസ് ഗായത്രിദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."