കൊച്ചിന്‍ പാല പരിസരം വാഹനങ്ങളുടെ ശവപ്പറമ്പ്
ചെറുതുരുത്തി: തൃശൂര്‍ പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ പുതിയ കൊച്ചിന്‍ പാല പരിസരം പൊലിസ് പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപറമ്പാകുമ്പോള്‍ തുരുമ്പെടുത്ത് നശിയ്ക്കുന്നത് കോടികളുടെ സ്വത്ത്.
വിവിധ കേസുകളിലായി പൊലിസ് പിടികൂടുകയും നിയമ നടപടികളുടെ നൂലാമാലകളില്‍ പെട്ടു പൊലിസ് കരുതലില്‍ സൂക്ഷിയ്‌ക്കേണ്ടി വരുകയും ചെയ്യുന്ന വാഹനങ്ങളാണ് ഒന്നിനും കൊള്ളാതെ ഇരുമ്പ് വിലയ്ക്ക് പോലും വില്‍ക്കാനാകാത്ത രൂപത്തിലായിട്ടുള്ളത്. ഭാരതപ്പുഴയില്‍ നിന്ന് വലിയ തോതില്‍ മണല്‍കൊള്ള നടന്നിരുന്ന സമയത്താണ് നൂറ് കണക്കിന് വാഹനങ്ങള്‍ പൊലിസ് പിടികൂടിയത്. ഇതില്‍ എം80 സ്‌കൂട്ടറുകള്‍ മുതല്‍ ലോറികള്‍ വരെ ഉള്‍പ്പെടുന്നു. പലതിനും ആവശ്യമായ രേഖകള്‍ പോലും ഇല്ല എന്നതിനാല്‍ ഈ വാഹനങ്ങള്‍ തേടി ഉടമകള്‍ എത്താറുമില്ല. പിടിച്ചെടുക്കല്‍ കൂടിയപ്പോള്‍ ആദ്യം നിറഞ്ഞത് പൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ടാണ്. തുടര്‍ന്ന് സംസ്ഥാന പാതയിലേക്കും നീണ്ടു. സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ നിരന്ന് കിടന്നതോടെ അപകടങ്ങള്‍ നിത്യസംഭവമായി. ജനകീയ പ്രതിഷേധം ഉടലെടുത്തതോടെ പൊലിസ് വാഹനങ്ങള്‍ കൊച്ചി പാല പരിസരത്തേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി വാഹനങ്ങള്‍ ഇവിടെ കിടപ്പാണ്. ആര്‍ക്കും ഉപകാരപ്പെടാതെ കോടികള്‍ നശിയ്ക്കുമ്പോള്‍ നമ്മുടെ നിയമ വ്യവസ്ഥയുടെ വലിയ പോരായ്മയായി അത് മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."