വെല്ലൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചെടുത്ത് ഡി.എം.കെ
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ സിറ്റിങ് സീറ്റായ വെല്ലൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചെടുത്ത് ഡി.എം.കെ. എ.ഐ.എ.ഡി.എം.കെ സംഖ്യത്തിലെ എ.സി ഷണ്മുഖത്തെ 8,141 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഡി.എം.കെയുടെ കതിര് ആനന്ദാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 4.85 ലക്ഷം വോട്ടുകള്‍ ഡി.എം.കെ സ്ഥാനാര്‍ഥി നേടിയപ്പോള്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിക്ക് 4.77 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെയുള്ള 39 ലോക്സഭാ മണ്ഡലങ്ങളില്‍ 38ഉം ഡി.എം.കെ സംഖ്യം നേടി.
ഡി.എം.കെ സ്ഥാനാര്‍ഥിയുടെ അടുത്ത അനുയായിയുടെ വീട്ടില്‍ നിന്നു 11 കോടി കണ്ടെടുത്തതിനെത്തുടര്ന്നാണു ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഈ മാസം അഞ്ചിലേക്കു മാറ്റിയത്. ആകെ 28 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായത്. 72 ശതമാനം പോളിങ്ങാണുണ്ടായത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലായിടത്തും പരാജയപ്പെട്ട അണ്ണാ ഡി.എം.കെയ്ക്ക് ഒരു സീറ്റ്കൂടി നേടുക നിര്‍ണായകമായിരുന്നു. എന്നാല്‍ വാശിയേറിയ പോരാട്ടത്തിന് വേദിയായ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലേ അണ്ണാ ഡി.എം.കെ മുന്നേറ്റത്തിനെ മറികടന്ന് ഡി.എം.കെ കുതിക്കുകയായിരുന്നു. വോട്ടെണ്ണല്‍ പകുതിയിലധികം പിന്നിട്ടപ്പോഴേക്കും ലീഡുയര്‍ത്തി ഡി.എം.കെ മുന്നേറി. ഡി.എം.കെയിലെ രണ്ടാമനായ ട്രഷറര്‍ ദുരൈമുരുഗന്റെ മകനാണ് കതിര് ആനന്ദ്.
അണ്ണാ.ഡി.എം.കെയും ഡി.എം.കെയും ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തിയത്. നിലവില്‍ അണ്ണാ ഡി.എം.കെയുടെ സിറ്റിങ് സീറ്റായിരുന്നു വെല്ലൂരിലേത്. എ.ഐ.ഡി.എം.കെ സഖ്യകക്ഷിയായ പുതിയ നിതീകക്ഷി സ്ഥാനാര്‍ഥി എ.സി ഷണ്മുഖവും ഡി.എ.ംകെയുടെ കതിര് ആനന്ദും നാം തമിഴര്‍ കക്ഷിയുടെ എസ്. ദീപാലക്ഷ്മിയും തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."