ഒറ്റപ്പെട്ട് നീലഗിരി: അവശ്യ വസ്തുക്കളില്ലാതെ ആയിരങ്ങള്‍, ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിനെ രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല
ഗൂഡല്ലൂര്‍: ദക്ഷിണേന്ത്യയില്‍ ഒരാഴ്ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-ഓവാലി-അവലാന്‍ചി മേഖലകളില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശമായ ഈ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും, കുന്നിടിച്ചിലും വ്യാപകമായതോടെ പ്രദേശവാസികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല.
വ്യാഴാഴ്ച്ച വൈകിട്ട് സീഫോര്‍ത്ത് എസ്‌റ്റേറ്റില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലമല സ്വദേശി സൈനുദ്ദീ(41)നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് തഹസില്‍ദാറുടെ നേതൃത്വത്തില്‍ സൈന്യവും, നാട്ടുകാരും രണ്ട് ദിവസമായി തിരച്ചില്‍ തുടര്‍ന്നിട്ടും കണ്ടെത്താനായില്ല.
പ്രദേശത്തെ പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയിട്ടുണ്ട്. ഇരുപത്തിയാറ് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന എസ്റ്റേറ്റ് മേഖലയായ ഓവാലി-പെരിയശോല പ്രദേശവാസികള്‍ ഒരാഴ്ച്ചയായി വൈദ്യുതിയും, മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജുമില്ലാത്തതിനാല്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഷ്ടപ്പെടുകയാണ്.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ കടകമ്പോളങ്ങളിലെല്ലാം അവശ്യ സാധനങ്ങള്‍ പോലും തീര്‍ന്നിരിക്കുകയാണ്. കേരളാ-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗൂഡല്ലൂരിലേക്കുള്ള യാത്രാമാര്‍ഗങ്ങളായ നാടുകാണി-നിലമ്പൂര്‍, താമരശ്ശേരി-ഗൂഡല്ലൂര്‍, ഗൂഡല്ലൂര്‍-ഊട്ടി ചുരം പാതകള്‍ പാടെ തകര്‍ന്നുകിടക്കുകയാണ്. വയനാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് ബന്ദിപ്പൂര്‍ വനം പാതയും അടച്ചിട്ടു. ഇതോടെ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.
ജില്ലയില്‍ മതിയായ രീതിയില്‍ ആതുരാലയങ്ങളില്ലാത്തതും, ഗതാഗതമാര്‍ഗങ്ങളെല്ലാം തകര്‍ന്നതും അപകടങ്ങളുടെ വ്യാപതിയും വര്‍ധിപ്പിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ഇന്നസെന്റ് ദിവ്യ അറിയിച്ചു. ഊട്ടിയിലേക്കുള്ള പ്രധാന മാര്‍ഗമായ മേട്ടുപ്പാളയം-കോയമ്പത്തൂര്‍ ചുരം പാതയും, മൗണ്ടന്‍ റയില്‍ സര്‍വിസും വ്യാപകമണ്ണിടിച്ചിലിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."