ശംസുല്‍ ഉലമായുടെ ചരിത്ര പോരാട്ടത്തിന്റെ സ്മരണയില്‍ ശരീഅത്ത് സമ്മേളനം
കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരായ ഭരണകൂട കൈയേറ്റങ്ങള്‍ക്കെതിരേ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രാവര്‍ത്തനത്തില്‍ ശരീഅത്ത് സമ്മേളന നഗരി. ശാബാനു കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരേയുണ്ടായ നീക്കങ്ങള്‍ക്കെതിരെയാണ് 1985ല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സമ്മേളനം നടത്തിയത്.
രാജ്യത്തെ നിയമവ്യവസ്ഥയെ മാനിച്ചും ഭരണകൂട ഉത്തരവാദിത്വങ്ങളെ ഓര്‍മപ്പെടുത്തിയും വിശ്വാസി സമൂഹത്തെ ഉല്‍ബുദ്ധരാക്കിയും അന്ന് സമസ്ത ജന. സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ നടത്തിയ പ്രഖ്യാപനങ്ങളുടെ ചരിത്രാവര്‍ത്തനമാണ് ഇന്നലെ നഗരിയില്‍ മുഴങ്ങിക്കേട്ടത്. 'ജീവിക്കുന്ന രാജ്യത്തോടു കൂറുപുലര്‍ത്താന്‍ മതപരമായി ബാധ്യതയുള്ളവരാണ് മുസ്‌ലിംകളെന്നും രാജ്യത്തോടു മത്സരിക്കാന്‍ വരുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രഖ്യാപിച്ച ശംസുല്‍ ഉലമാ, മതം മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് പ്രധാനമാണെന്നും ഇസ്‌ലാമിക ശരീഅത്തിനോടു മത്സരിക്കാന്‍ വരുന്നവരെ ഒറ്റ അണിയായി നേരിടുമെന്നും പ്രഖ്യാപിച്ചു. ഇതേ പ്രഖ്യാപനങ്ങള്‍ കോഴിക്കോട് കടപ്പുറത്ത്‌വച്ചു 1996ല്‍ സമസ്ത എഴുപതാം വാര്‍ഷിക സമ്മേളനത്തിലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലും ശംസുല്‍ ഉലമാ ആവര്‍ത്തിച്ചിരുന്നു. ശരീഅത്ത് നിയമങ്ങളെ ദുര്‍വ്യാഖ്യാനം നടത്തിയും മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ അജ്ഞതയോടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍, ശംസുല്‍ ഉലമായുടെ അന്നത്തെ പ്രഖ്യാപനങ്ങളുടെ ചരിത്രാവര്‍ത്തനമായിരുന്നു ഇന്നലെ നടന്ന ശരീഅത്ത് സമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."