മറുപടിയും വിശദീകരണവുമായി വിവാദം കത്തുന്നു; മൗനം വെടിയാതെ 'അമ്മ'
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ മറനീക്കി പുറത്തുവന്ന ചേരിതിരിവ് വിവാദങ്ങള്‍ മറുപടിയും വിശദീകരണവുമായി കത്തുന്നു. കഴിഞ്ഞ ദിവസം വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ (ഡബ്ല്യു.സി.സി ) അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി അമ്മ ഭാരവാഹികള്‍ക്കെതിരേ നടത്തിയ രൂക്ഷവിമര്‍ശനം താരപ്പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്.
വനിതാതാരങ്ങളുടെ വിമര്‍ശനം മുഖവിലക്കെടുക്കുന്നില്ലെന്ന രീതിയില്‍ അമ്മ ഭാരവാഹികള്‍ മുന്നോട്ടുപോകുമ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരേ അസഭ്യവര്‍ഷം തുടരുകയാണ്. ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍, വിമര്‍ശിച്ചവരെ വ്യക്തിഹത്യനടത്തുന്ന തരത്തിലാണ് താരരാജക്കന്മാരുടെ ആരാധകര്‍ രംഗം ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍കൂടി വിഷയത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നതോടെ താരസംഘടനയ്ക്ക് എത്രത്തോളം 'പെണ്‍പട'യെ തഴഞ്ഞ് മുന്നോട്ട്‌പോകാന്‍ സാധിക്കും എന്നതും ചര്‍ച്ചാവിഷയമായിരിക്കുന്നു.ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വകുപ്പ് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞദിവസം തുറന്നടിച്ചു.
ഡബ്ല്യു.സി.സിയ്ക്കും ആക്രമണത്തിനിരയായ നടിക്കും പിന്തുണ പ്രഖ്യാപിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിലപാട് വ്യക്തമാക്കിയപ്പോള്‍ ഡബ്ല്യു.സി.സിയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രി സുനില്‍കുമാര്‍ പ്രതികരിച്ചത്. അതേസമയം നടിയെ അക്രമിച്ചകേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടന സംരക്ഷിക്കുന്നു എന്ന വിമര്‍ശനത്തിന് ദിലീപിന്റെ രാജി സ്വീകരിച്ച് പുകമറയിടാനും സംഘടനയ്ക്കുള്ളില്‍ ശ്രമം നടക്കുന്നുണ്ട്. താരസംഘടന ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന് കഴിഞ്ഞദിവസം ഡബ്ല്യു.സി.സി തുറന്നടിച്ചിരുന്നു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്ത്രീകളുടെ പൊതുസമിതി രൂപീകരിക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിരുന്നു. വരും തലമുറയ്ക്ക് സിനിമയില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവും താരസംഘടനയ്ക്ക് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.
സിനിമയില്‍ 34 വര്‍ഷത്തോളം പ്രവര്‍ത്തിച്ച രേവതി മാധ്യമങ്ങള്‍ക്കുമുന്നിലെത്തി ഇപ്രകാരം സിനിമയില്‍ ദുഷ്പ്രവണതകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യു.സി.സി ഉന്നയിച്ച വിവാദങ്ങള്‍ക്ക് മറുപടിയുമായി ബാബുരാജും തന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതിയും രംഗത്തുവന്നതോടെ താരപ്പോര് മുറുകുകയാണെന്നു തന്നെ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."