ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികള്‍ക്ക് സമാരംഭം
കല്‍പ്പറ്റ: സംസ്ഥനത്തെ ആദിവാസി സമൂഹത്തിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളോടുള്ള അകല്‍ച്ച കുറയ്ക്കുകയും അതുവഴി കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്യാനായി ആവിഷ്‌കരിച്ച ഗോത്രബന്ധു പദ്ധതിക്കും ഈ വിഭാഗത്തില്‍പെട്ടവരുടെ ജീവനോപാധി ഉറപ്പാക്കുന്നതിനുള്ള ഗോത്രജീവിക പദ്ധതിക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിച്ചു.
ഒപ്പം പത്തുവിഭാഗം പ്രഫഷണല്‍ കോഴ്‌സുകളില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന പരിപാടിക്കും ഗോത്രവിഭാഗക്കാര്‍ ഉള്‍പ്പെട്ട കുടുംബശ്രീകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മറ്റുമേഖലകളിലെല്ലാം വലിയ നേട്ടങ്ങള്‍ കൊയ്ത കേരളത്തിന്റെ സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ ഒരു തുരുത്തായി ഇന്നും അവര്‍ നിലനില്‍ക്കുന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗോത്രബന്ധു പദ്ധതി പ്രകാരം ഇന്നു മുതല്‍ സ്‌കൂളുകളിലെത്തുന്ന 241 മെന്റര്‍ ടീച്ചര്‍മാര്‍ക്ക് നിയമനോത്തരവ് മുഖ്യമന്ത്രി നല്‍കി. രാജന്‍ എം.എം, അനിതാ കെ.കെ എന്നിവര്‍ ആദ്യ നിയമനോത്തരവ് കൈപ്പറ്റി. ഗോത്ര ജീവിക പദ്ധതിയുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ശശി കൊടുങ്കയം കോളനി, സരസ്വതി അയനിക്കണ്ടി കോളനി എന്നിവര്‍ ലോഗോ ഏറ്റുവാങ്ങി. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രഫണല്‍ കോഴ്‌സുകള്‍ക്ക് രണ്ടാം വര്‍ഷം പഠിക്കുന്ന 223 പേര്‍ക്ക് ലാപ് ടോപ് നല്‍കുന്ന പദ്ധതിയില്‍ ചെമ്പോട്ടി കോളനിയിലെ ലിബിന്‍ സി.ബി ആദ്യ ലാപ്‌ടോപ് കൈപ്പറ്റി. ഗോത്ര വര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീക്കാര്‍ക്കുള്ള ഒരു കോടി രൂപയുടെ റിവോള്‍വിങ് ഫണ്ട് മുഖ്യമന്ത്രി കൈമാറി. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എ.ഡി.എം കെ.എം രാജു, പട്ടികജാതി-വര്‍ഗവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വാണിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."