കരിങ്കുറ്റി പ്രീമെട്രിക് ഹോസ്റ്റല്‍ നാടിന് സമര്‍പ്പിച്ചു
കമ്പളക്കാട്: ആദിവാസികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന ബോധം ഉണ്ടാക്കുമെന്നും ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ആദിവാസി വിഭാഗത്തില്‍ അഭ്യസ്ത വിദ്യരായ ഒരു തൊഴില്‍ രഹിതനും ഉണ്ടാവില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കക്ഷേമ മന്ത്രി എ.കെ ബാലന്‍ .
പിണങ്ങോട് പ്രീമെട്രിക് ഹോസ്റ്റലിനായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിച്ച പെണ്‍കുട്ടികള്‍ക്കായുളള പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസികളുടെ ജീവിത നിലവാരം ഉയരാത്തതിന് കാരണം അവര്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കാതിരുന്നതും വിദ്യഭ്യാസ രംഗത്ത് ഉയര്‍ന്നുവരാതിരുന്നതുമാണ്. 2012ലെ കണക്കുപ്രകാരം ആദിവാസികളില്‍ 100 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പത്താംക്ലാസില്‍ എത്തുമ്പോള്‍ നാല്‍പ്പത് പേരെ ഉണ്ടാവാറുള്ളു. ഈ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാണ് ഗോത്രഭാഷ അറിയാവുന്ന ആദിവാസികളില്‍ തന്നെയുള്ള അഭ്യസ്തവിദ്യരായ 241 പേരെ മെന്റര്‍ ടീച്ചര്‍മാരായി നിയമിക്കുന്നത്. 21,900 രൂപ മാസ ശമ്പളം നല്‍കും. ആദിവാസി വിഭാഗത്തില്‍പ്പെട്ട ആയിരത്തിമുന്നൂറോളം പേര്‍ക്ക് കെട്ടിട നിര്‍മാണ മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ നല്‍കും.
കുടുംബശ്രീയില്‍ ആദിവാസികള്‍ക്കായി അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കി അവയ്ക്ക് മൈക്രോ മാതൃകയില്‍ ഇടപാടുകള്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇതിനായി അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ നല്‍കും. 11 കോടി നാല്‍പ്പതുലക്ഷം രൂപയാണ് ഇതിന്റെ അടങ്കല്‍ തുക. പട്ടികജാതിക്കാര്‍ക്ക് രണ്ടുലക്ഷം രൂപ ചെലവില്‍ പഠനമുറി നിര്‍മിച്ച് നല്‍കുന്ന പദ്ധതിയും നടപ്പാക്കും. അമ്മമാരാകുന്ന ആദിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ന്യുട്രീഷന്‍ റീഹാബിറ്റേഷന്‍ സെന്റര്‍ ആവശ്യമുള്ള സ്ഥലത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എ.ഡി.എം കെ.എം രാജു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, വി.എന്‍ ഉണ്ണികൃഷ്ണന്‍, പ്രീതാ മനോജ്, കെ.കെ സരോജിനി, ശോഭാ ശ്രീധരന്‍, ശാരദാ മണിയന്‍, രശ്മി പ്രദീപ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."