തുര്‍ക്കി വിട്ടയച്ച യു.എസ് പാസ്റ്റര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തി
വാഷിങ്ടണ്‍: രണ്ട് വര്‍ഷത്തെ ജയില്‍ തടവിന് ശേഷം തുര്‍ക്കി വിട്ടയച്ച യു.എസ് പാസ്റ്റര്‍ ആന്‍ഡ്രു ബ്രൂന്സന് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഓവലിലെ ഓഫിസില്‍ എത്തിയ അദ്ദേഹം ട്രംപിനായി പ്രാര്‍ഥിച്ചു. മോചനത്തിന് ശ്രമം നടത്തിയതിന് ട്രംപിനോട് ബ്രൂന്സന് നന്ദി പറഞ്ഞു. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാസ്റ്ററെ തുര്‍ക്കി അറസ്റ്റ് ചെയ്തത്.
ബ്രൂന്സന്റെ മോചനത്തിനായി ദീര്‍ഘകാലമായി ശ്രമം നടത്തുകയായിരുന്നെന്നും വിശ്വാസംകൊണ്ടും കരുത്തുകൊണ്ടും പാസ്റ്റര്‍ യു.എസിന് ഊര്‍ജം നല്‍കിയെന്നും ട്രംപ് പറഞ്ഞു. തുര്‍ക്കിയുമായി മികച്ച ബന്ധങ്ങളിലേക്കുള്ള നിര്‍ണായക നീക്കമാണിതെന്നും ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തിലല്ല പാസ്റ്ററുടെ മോചനമെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്ററെ ശനിയാഴ്ചയാണ് തുര്‍ക്കി വിട്ടയച്ചത്. ഇദ്ദേഹത്തിനെതിരേ ചുമത്തിയ ചാരപ്രവര്‍ത്തന കുറ്റം വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു. പാസ്റ്ററുടെ അറസ്റ്റിനെ തുടര്‍ന്ന് യു.എസും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനെ തുടര്‍ന്ന് തുര്‍ക്കി മന്ത്രിമാരുപ്പെടെയുള്ളവര്ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."