പയ്യന്നൂര്‍ ഇരട്ടക്കൊല: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം
കണ്ണൂര്‍: പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സ്ഥലം മാറ്റം. കേസന്വേഷണ ചുമതലയുള്ള ശ്രീകണ്ഠാപുരം, പയ്യന്നൂര്‍ സി.ഐമാരെയാണ് സ്ഥലംമാറ്റിയത്.
കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകനായ ധനരാജന്റെ കൊലപാതകം അന്വേഷിക്കുന്ന പയ്യന്നൂര്‍ സി.ഐ വി.വി രമേശനെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും അന്നൂരിലെ ബി.ജെ.പി പ്രവര്ത്തകന് സി.കെ രമാചന്ദ്രനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ശ്രീകണ്ഠപുരം സി.ഐ സി.എ അബ്ദുല്‍ റഹീമിനെ കാസര്‍കോട് ടൗണിലേക്കുമാണ് സ്ഥലംമാറ്റിയത്. ഇതിനു പകരമായി കാസര്‍കോട് സി.ഐ ആയിരുന്ന എം.പി ആസാദിനെ പയ്യന്നൂരിലേക്കും ശ്രീകണ്ഠാപുരം സി.ഐ ആയി ലതീഷിനെയും നിയമിക്കും.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ 11 നു രാത്രിയാണ് പയ്യന്നൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നത്. രാത്രി 10.45ന് കുന്നരുവിലെ സി.പി.എം പ്രവര്ത്തകന് സി.വി ധനരാജനും പുലര്‍ച്ചെ മൂന്നോടെ ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ സി.കെ രാമചന്ദ്രനും കൊല്ലപ്പെടുകയായിരുന്നു. ഇരു കേസുകളിലുമായി ഇതിനകം നാലു സി.പി.എം പ്രവര്‍ത്തകരും ആറു ബി.ജെ.പി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."