പ്രജിതയ്ക്കും കുഞ്ഞിനും രക്ഷകനായത് അയല്‍വാസി
കമ്പളക്കാട് (വയനാട്): പുത്തുമലയെ വിഴുങ്ങിയ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് പ്രജിത ഇതുവരെ മുക്തയായിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ടെങ്കിലും അയല്‍വാസിയുടെ കൈകളാണ് പ്രജിതയെയും രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
സംഭവത്തെ കുറിച്ച് പ്രജിത പറയുന്നതിങ്ങനെ- 'പൂര്‍ണമായി തകര്‍ന്ന ലയത്തിലെ മുറികളിലൊന്നിലായിരുന്നു താനും രണ്ടുമാസം പ്രായമുള്ള കുഞ്ഞും മൂന്നുവയസുള്ള മകന്‍ ഹിമല്‍ കൃഷും പിതാവ് ബാലനും മാതാവ് യശോദയും അമ്മമ്മയും താമസിച്ചിരുന്നത്. പ്രസവം കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയ നടത്തിയതിന്റെ അവശതകളുമുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമെത്തുന്നത്.
വെള്ളം വരുന്ന ശബ്ദം കേട്ട് വീട്ടുമുറ്റത്തുണ്ടായിരുന്ന അച്ഛനും അമ്മയും മൂത്ത മകനെയും എടുത്ത് മുകളിലേക്ക് ഓടി. പ്രായത്തിന്റെ അവശതയുള്ള അമ്മമ്മയും ഇതിനിടയില്‍ എങ്ങനെയോ പുറത്തെത്തി. തൊട്ടിലില്‍ നിന്ന് കൈക്കുഞ്ഞിനെയുമെടുത്ത് താന്‍ ഓടുമ്പോഴേക്കും മലവെള്ളം എത്തിയിരുന്നു. കാലിലെ ചെരിപ്പൊക്കെ പോയിരുന്നു. വെള്ളത്തിന്റെ ശക്തിയില്‍ താന്‍ വീണപ്പോഴേക്കും അയല്‍വാസികളിലൊരാള്‍ കുഞ്ഞിനെ കൈകളില്‍ കോരിയെടുത്തു. ഒപ്പം തന്നെയും വെള്ളത്തില്‍നിന്ന് കൈപിടിച്ച് കയറ്റി.
തുടര്‍ന്ന് കാട്ടിലൂടെ കുറേ ഓടി. കുന്നിന് മുകളിലുള്ള പുത്തുമല സ്‌കൂളിലെത്തിയെങ്കിലും അവിടെയും സുരക്ഷിതമല്ലായിരുന്നു. വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് സമീപത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിക്കുന്നത്. പിന്നാലെ ക്യാംപിലേക്ക് മാറി. സംഭവങ്ങളെല്ലാം ഇപ്പോഴും കണ്ണിന് മുന്നില്‍ ഭീതിപരത്തി പകര്‍ന്നാടുകയാണ്'. പ്രജിതയും കുഞ്ഞും ഇപ്പോള്‍ കമ്പളക്കാടുള്ള ബന്ധുവീട്ടിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."