മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പീഡനത്തിനിരയായ കുട്ടിക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ്
ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ സന്ദര്‍ശനത്തിനു മുന്‍പായി കൂട്ട ബലാത്സംഗത്തിനിരയായ ഏഴു വയസുകാരിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. അലഹബാദ് പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്.
മുഖ്യമന്ത്രി അലഹബാദില്‍ എത്തുന്നുണ്ടെന്ന വിവരം അറിഞ്ഞ ഉടനെയാണ് ആശുപത്രി അധികൃതര്‍ ഇത്തരത്തിലുള്ള ക്രൂരത കുട്ടിയോടും അവളുടെ ബന്ധുക്കളോടും കാണിച്ചത്. പീഡനത്തിനിരയായ കുട്ടി അവശനിലയിലാണെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് കുട്ടിയെ പറഞ്ഞയച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡിസ്ചാര്‍ജിന് സമയമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. രണ്ടു പൊലിസുകാരുടെ കാവലിലാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചത്.
ഒരാഴ്ച മുന്‍പാണ് കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഇവരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
അപകട നില തരണം ചെയ്യാത്ത അവസ്ഥയില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അലഹബാദ് സന്ദര്‍ശനത്തിനിടയില്‍ മുഖ്യമന്ത്രി ആശുപത്രിസന്ദര്‍ശനം നടത്തുമെന്ന സംശയമാണ് കുട്ടിയെ പറഞ്ഞുവിടാന്‍ കാരണമെന്നാണ് വിവരം.
എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടസാഹചര്യത്തിലാണ് വിട്ടയച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിക്കാനായി അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ ദലിത് കുടുംബങ്ങള്‍ക്ക് തേച്ചു കുളിക്കാന്‍ സോപ്പും ഷാംപുവും നല്‍കിയതുപോലുള്ള വിവാദ നടപടികള്‍ വന്‍വിവാദങ്ങള്‍ക്കാണ് വഴിവച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."