പരാതികളും പരിഭവവും തീരാതെ കുടുംബങ്ങള്‍
പുഴ കരകവിഞ്ഞൊഴുകിയ
നെന്മേനിയില്‍
മുട്ടില്‍: മഴ ശക്തമായാല്‍ കൊളവയല്‍ നെന്മേനിക്കാര്‍ക്ക് നെഞ്ചിടിപ്പ് കൂടും. കാരണം മറ്റൊന്നുമല്ല, ജില്ലയില്‍ ആദ്യമായി ശക്തമായ മഴയില്‍ വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയതിനാല്‍ ക്യാംപുകളിലേക്ക് പോകേണ്ടി വന്നവരാണിവര്‍.
മഴവെള്ളപ്പാച്ചിലില്‍ പിടിച്ച് നില്‍ക്കാന്‍ കരുത്തില്ലാത്ത തങ്ങളുടെ കൂരകള്‍ തിരിച്ച് വരുമ്പോഴവിടെ ഉണ്ടാകുമോ എന്ന ഭയപ്പാടോടെയാണ് അന്ന് ക്യാംപുകളിലേക്ക് പോയത്. തിരിച്ചു വന്നപ്പോള്‍ വെള്ളം കയറി ചെളി നിറഞ്ഞ വഴികളും, മണ്ണിടിഞ്ഞ് കുടിവെള്ളം മുട്ടിയ കിണറുകളും, നഷ്ടപ്പെട്ട വീട്ടു സാധനങ്ങളുടെയും സങ്കടവും പരാതിയുമായി തലചയ്ക്കാനുള്ള ഇടം നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസവുമായി കഴിയുകയാണിവര്‍.
40 കുടുംബങ്ങള്‍ ഒരു ഭാഗത്ത് നെന്മേനി നാല് സെന്റ് കോളനിയിലും, 200 മീറ്റര്‍ മാത്രം അകലെ രണ്ട് ഭാഗങ്ങളിലായി 52 കുടുംബങ്ങളുമടക്കം 92ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ പ്രതീക്ഷക്കുമപ്പുറം മഴ തുടര്‍ന്നാല്‍ ഇവിടെയുള്ള താമസക്കാരെ മുഴുവന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. പ്രതീക്ഷകളും സ്വപ്‌നങ്ങളും അവസാനിക്കുമെന്ന ഭയത്തോടെ ഓരോ മഴക്കാലത്തെയും ഭീതിയോടെയാണ് ഇവിടത്തുകര്‍ വരവേല്‍ക്കുന്നത്. ഇങ്ങിനെ ദുരിതങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന നെന്‍മേനിക്കാരുടെ സങ്കടങ്ങളുടെ കാഴ്ചകള്‍ ബന്ധപ്പെട്ട അധികൃതര്‍ കാണാതെ പോവുകയാണ്.
കിണറുകളുണ്ട്, പൈപ്പുകളും; വെള്ളംമാത്രം കിട്ടാക്കനി
40 കുടുംബങ്ങളുണ്ട് നെന്മേനി നാലു സെന്റ് കാളനിയില്‍, ഇവര്‍ക്കായി 25 വര്‍ഷം മുന്‍പ് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ കിണറും പിന്നീട് 1992ല്‍ ബ്ലോക്ക്പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കിണറുമടക്കം രണ്ട് കിണറുകളുണ്ട്.
പുഴ കവിഞ്ഞൊഴുകിയാല്‍ ഈ കിണറ്റിലെ വെള്ളവും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാവും. ഇതിനെല്ലാം പരിഹാരമായി കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ രണ്ട് ടാപ്പ് കണക്ഷനുകള്‍ കോളനിയിലെത്തിയപ്പോള്‍ എപ്പോഴും വെള്ളമുണ്ടാകുമല്ലോ എന്ന സമാധാനത്തിലായിരുന്നു കോളനിവാസികള്‍.
എന്നാല്‍ പ്രളയജലം കയറി ഇറങ്ങിപ്പോയ കോളനിയുടെ ഇപ്പോഴത്തെ വലിയ പ്രതിസന്ധി ആവശ്യത്തിന് കുടിവെള്ളമില്ല എന്നതാണ്.പ്രളയത്തില്‍ മുങ്ങിയ കിണറുകള്‍ ശുദ്ധീകരിച്ചെങ്കിലും കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞ് താഴ്ന്ന് ഒരു കിണര്‍ കുടിവെള്ളത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മറ്റൊരു കിണറില്‍ ഉറവു വെള്ളത്തോടൊപ്പം ചളിയും ഒലിച്ചിറങ്ങുന്നതിനാല്‍ അതും ഉപയോഗിക്കാന്‍ കഴിയുന്നില്ല.ഇപ്പോഴുള്ള ഏക ആശ്രയം കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ ടാപ്പുകളാണ്. ടാപ്പുകളിലൂടെ ഒഴുകുന്ന വെള്ളമാകട്ടെ നൂലുപോലെ, ഒരു ബക്കറ്റ് വെള്ളം നിറയാന്‍ ഏകദേശം അര മണിക്കൂറെങ്കിലും വേണ്ടിവരും, ചില ദിവസങ്ങളില്‍ വെള്ളം തന്നെ ഉണ്ടാവാറില്ല.
രോഗികളും, കിടപ്പുരോഗികളുമുള്ള കോളനിയിലെ അവശരിലേക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
റോഡുമുണ്ട് പാലവുമുണ്ട് പക്ഷെ
ഗതാഗത യോഗ്യമല്ല
ടാര്‍ റോഡില്‍ നിന്നും കോളനിയിലേക്കും പരിയാരംപുഴംകുനി ഭാഗത്തേക്കും 100 മീറ്റര്‍ ദൂരമാണ് ഒരു മണ്‍ റോഡുള്ളത്. മഴക്കാലത്ത് ചളിക്കുളമാകുന്ന റോഡിലൂടെ കാല്‍നടയാത്ര തന്നെ ദുഷ്‌കരമാണ്.
ഈ റോഡിലൂടെ വേണം പുഴയുടെ അക്കരയും ഇക്കരയുമുള്ള കുടുംബങ്ങളിലേക്കെത്താന്‍.
നാലുസെന്റ്, പരിയാരംപുഴംകുനി റോഡുകളിലേക്ക് കടക്കുന്നതിന് നാലടി വീതിയുള്ള രണ്ട് സ്ലാബുകളാണ് പുഴയിലേക്കൊഴുകുന്ന ഡ്രൈനേജിന് കുറുകെ ഇട്ടിരിക്കുന്നത്.
പരിയാരം പുഴംകുനി ഭാഗത്തേക്കുള്ള ഈ സ്ലാബ് കഴിഞ്ഞുള്ള റോഡ് ചെറിയൊരു ഭാഗം കൂടി പുഴയെടുത്താല്‍ ഒറ്റപ്പെടുന്നത് 52 കുടുംബങ്ങളാണ്.
പുഴയും റോഡും വേര്‍തിരിക്കുന്ന സംരക്ഷണഭിത്തി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളടെ പഴക്കമുണ്ട്. മഴ പെയ്യും, വെള്ളം കയറും, പുഴ വെള്ളമിറങ്ങുന്നതോടെ പ്രദേശവാസികളുടെ പരാതികള്‍ കേട്ട ബന്ധപ്പെട്ടവരും നടപടിയില്ലാത്ത വാഗ്ധാനങ്ങളുമായി മടങ്ങിപ്പോകും.
പുഴയെടുത്ത് അപകടാവസ്ഥയിലായ നടപ്പാതയുടെ സൈഡിലൂടെ പോവുമ്പോള്‍ കാലൊന്ന് തെറ്റിയാല്‍ വീഴുക പുഴയിലേക്കാണ്.
റോഡ്പുഴയിലേക്ക് ഇടിഞ്ഞ് വീണ് പുഴക്ക് വീതി കൂടുകയും റോഡിന്റെ വീതി ശോഷിക്കുകയും ചെയ്തതോടെ രോഗികളെ ചുമന്ന് ടാര്‍ റോഡിലെത്തിക്കേണ്ട അവസ്ഥയാണിപ്പോള്‍.
സംരക്ഷണഭിത്തി കെട്ടി വീതി കുറഞ്ഞ സ്ലാബുകള്‍ മാറ്റി പുതിയ വീതികൂട്ടിയാലും സംവിധാനമൊരുക്കിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല.
33 വീടുകള്‍ക്ക് ആശ്രയമായ പുഴക്ക് കുറുകെ ഒരു കോണ്‍ഗ്രീറ്റ് നടപ്പാതയുണ്ട്.
കഷ്ടിച്ച് രണ്ടാള്‍ക്ക് നടന്നു പോകാന്‍ മാത്രമുള്ള നടപ്പാത. പാലത്തിലേക്ക് കയറാന്‍ പടികളായതിനാല്‍ ഇരുചക്രം പോലും കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് പാലത്തിനുള്ളത്.
വഴിയും വെളിച്ചവുമില്ല; വീടുകൂടി നഷ്ടപ്പെടുമോ
എന്ന ഭീതിയില്‍ സുബ്രഹ്മണ്യന്‍
രണ്ട് മീറ്റര്‍ വീതിയുണ്ടായിരുന്ന മണ്ണാര്‍ക്കുന്നുമ്മല്‍ സുബ്രഹ്മണ്യന്റെ വീട്ടിലേക്കുള്ള നടപ്പാതയുടെ സ്ഥാനത്ത് ഇപ്പോള്‍ പുഴയൊഴുകുകയാണ്.
ഇതോടെ നടവഴിയില്ലാതെ മറ്റു വീടുകള്‍ക്കിടയിലൂടെ വേണം സുബ്രഹ്മണ്യനും, രമണിയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന് വീട്ടിലെത്താന്‍.
നടവഴി പുഴയെടുത്തപ്പോള്‍ വഴിയിലുണ്ടായിരുന്ന വൈദ്യുതി തൂണും ഇപ്പോള്‍ പുഴയിലേക്കിറങ്ങി പുഴയുടെ അതിരായി. ആറുമീറ്റര്‍ വീതിയായിരുന്നു പുഴക്കിവിടെ ഉണ്ടായിരുന്നത്. പ്രളയത്തിന് ശേഷം 18 മീറ്ററോളം വീതിയിലാണ് പുഴ ഒഴുകുന്നത്.
കിണറിന് ചുറ്റുമുള്ള മണ്ണിടിഞ്ഞ് കുടിവെള്ളവും മുട്ടിയ സുബ്രഹ്മണ്യന്‍ കിണറിന് ചുറ്റും മണ്ണിട്ടെങ്കിലും അടുത്ത മഴയില്‍ വീണ്ടും മണ്ണിരിക്കുന്നതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.മക്കള്‍ കളിക്കുമ്പോള്‍ മണ്ണിരിക്കുന്ന സാഹചര്യത്തില്‍ അപകടത്തില്‍പ്പെടുമോ എന്ന ഭയവുമായാണ് തങ്ങള്‍ കഴിയുന്നതെന്ന് രമണിയും പറയുന്നു. പുഴയുടെ അതിര്‍ത്തി തിരിച്ചുള്ള സംരക്ഷണ ഭിത്തികളില്ലാത്തതിനാല്‍ പുഴവക്കിലുള്ള പുരയിടങ്ങള്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."