കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു
മതിലകം: മതിലകം കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാവുന്നു. കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായിട്ടുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ 'ആര്‍ദ്രം' മതിലകം ഗ്രാമ പഞ്ചായത്തിലെ കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതിലേക്ക് വഴി തുറന്നത്. ഇതോടെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമെന്ന നേട്ടം ഇനി കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമാവും.
മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയായ ഈ പ്രദേശത്ത് ആരോഗ്യ രംഗത്ത് വലിയ പരിവര്‍ത്തനത്തിന് ഈ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയില്‍ ഇപ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പതിനെട്ട് കേന്ദ്രങ്ങളില്‍ ഒന്നാണ് കൂളിമുട്ടം പി.എച്ച്.സി. ഇരുപത്തിനാല് മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന തരത്തിലും ജീവിത ശൈലി രോഗങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാകുന്ന തരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വിപുലമായ സംഘാടക സമിതി കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്നു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ സുവര്‍ണ ജയശങ്കര്‍, എം.എ.വിജയന്‍, ലൈനഅനില്‍, വി.എസ്.രവീന്ദ്രന്‍, അനി റോയ്, ബിന്ദു സന്തോഷ്, പാപ്പിനിവട്ടം ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാജി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീഖ് നന്ദിയും പറഞ്ഞു. സംഘാടക സമിതി രക്ഷാധികാരികളായി ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, കെ.കെ.അബീദലി, പി.കെ.ചന്ദ്രശേഖരന്‍, പി.വി.മോഹനന്‍, പി.ജി.അരവിന്ദാക്ഷന്‍ എന്നിവരെയും ചെയര്‍മാനായി ഇ.ജി.സുരേന്ദ്രന്‍, ജനറല്‍ കണ്‍വീനറായി ഡോ. ഷാജി എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."