മടകള്‍ വീഴ്ത്തിയ ജീവിതങ്ങള്‍; പ്രളയ ദുരിതമൊഴിയാതെ ആലപ്പുഴ
18,819 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍, 8,96.1 ഹെക്ടറിലെ കൃഷിനശിച്ച് 37 കോടിയുടെ നഷ്ടം
ആലപ്പുഴ: ശക്തമായ മഴയും പാടശേഖരങ്ങളിലെ മട വീഴ്ചയും കിഴക്കന്‍ വെള്ളവും തീര്‍ത്ത പ്രളയദുരിതത്തില്‍നിന്ന് കരകയറാതെ ആലപ്പുഴ. ജില്ലയില്‍ 101 ദുരിതാശ്വാസ ക്യാംപുകളില്‍ 18,819 പേരാണ് അഭയം തേടിയിരിക്കുന്നത്.
5,493 കുടുംബങ്ങളില്‍ നിന്നായാണ് ഇത്രയും പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയത്.
ഇതിന് പുറേമ കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലായി ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ 505 കേന്ദ്രങ്ങള്‍ തുറന്നു. 97,446 പേരാണ് ഈ കേന്ദ്രങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നത്.
ഇതിനിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മണ്ണഞ്ചേരി മൂന്നാം വാര്‍ഡ് ലക്ഷ്മി നിവാസില്‍ അജിത് കുമാറിനെ (നാരായണന്‍ 50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജില്ലയില്‍ 27 വീടുകള്‍ പൂര്‍ണമായും 410 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്.
മട വീഴ്ച മൂലം 8,96.1 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. വിതച്ചിട്ട് 90 ദിവസത്തില്‍ താഴെ പ്രായമായ നിലങ്ങളിലെ നെല്‍കൃഷിയാണ് വെള്ളത്തിലായത്. 37 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
അതിരൂക്ഷമായ മടവീഴ്ചയില്‍ വീടും വസ്തുവകകളും തകര്‍ത്തെറിയപ്പെട്ട നിരവധി കുടുംബങ്ങളാണ് കുട്ടനാട്ടില്‍ ഉള്ളത്.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് പതിയെ കരകയറി ത്തുടങ്ങിയ കുട്ടനാടന്‍ ജനതക്ക് പാടശേഖരങ്ങളിലെ മട വീഴ്ച കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് മൂന്നാം ദിവസവും ആലപ്പുഴ ചങ്ങനാശ്ശേരി പാതയില്‍ ഗതാഗതം നിലച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും റോഡിലെ വെള്ളക്കെട്ട് തുടരുകയാണ്. കുട്ടനാടന്‍ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെട സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
വെള്ളം കയറിയതോടെ എ.സി കോളനി നിവാസികളില്‍ പലരും ബന്ധുവീടുകളിലും ക്യാംപുകളിലും അഭയം തേടി. കുറച്ചു പേര്‍ വെള്ളം കയറിയ വീടുകളില്‍ തന്നെ കഴിയുന്ന ദയനീയ സ്ഥിതിയുമുണ്ട്.
അപ്പര്‍കുട്ടനാട്ടിലും ദുരിതം വിട്ടൊഴിയാതെ നില്‍ക്കുന്നു. എടത്വ, തലവടി, നിരണം പഞ്ചായത്തിലെ വീടുകളും വെള്ളത്തിലാണ്. അച്ചന്‍കോവില്‍, മണിമലയാറുകളിലെ ജലനിരപ്പ് താഴാതെ ഈ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങില്ല. റെഡ് അലര്‍ട്ട് വീണ്ടും പ്രഖ്യാപിച്ചതോടെ ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് എന്ന് മടങ്ങാനാവുമെന്ന് ഒരുനിശ്ചയവുമില്ലാത്ത അവസ്ഥയിലാണ് ദുരിതബാധിതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."