ഇടിമിന്നല്‍: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍
കാസര്‍കോട്: ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. സര്‍ക്കാര്‍ ഓഫിസുകളില്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആയതോടെ ഇന്റര്‍നെറ്റുവഴി സര്‍വറുമായി ബന്ധിപ്പിക്കുന്ന മോഡവും കംപ്യൂട്ടറുകളും ഇടിമിന്നലില്‍ നശിച്ചതാണ് ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം.
ബി.എസ്.എന്‍.എല്ലിന്റെ ഹൈ സ്പീഡ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഉപയോഗിക്കുന്നത്. കേടുവന്ന മോഡം യഥാസമയം മാറ്റി നല്‍കാന്‍ ആവശ്യമായ കരുതിയിരിപ്പ് ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുകളില്‍ ഇല്ലാത്തതും അധികൃതര്‍ക്ക് തലവേദനയാകുന്നു.
ഇത്തരം സാഹചര്യം നേരിടേണ്ടി വരുമ്പോള്‍ ബന്ധപ്പെട്ട ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ പണം മുടക്കി മോഡം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങിക്കേണ്ട അവസ്ഥയാണുള്ളത്. അതല്ലെങ്കില്‍ സ്വന്തം മൊബൈല്‍ ഫോണിലെ വൈഫൈ വഴി കണക്ട് ചെയ്തു താല്‍ക്കാലിക സംവിധാനം ഒരുക്കി ഓഫിസ് ജീവനക്കാര്‍ ജനങ്ങള്‍ക്ക് സേവനം ഉറപ്പു വരുത്തേണ്ടി വരുന്നു. എന്നാല്‍ ഇതുഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പ്രായോഗിമാകാന്‍ ഏറെ ദുരിതം നേരിടേണ്ടി വരുന്നു. പല ഭാഗങ്ങളിലും കോളുകള്‍ വിളിക്കാന്‍ പോലും പാകത്തിലുള്ള റെയ്ഞ്ച് കിട്ടാതെ ആളുകള്‍ വലയുന്നതിനിടയിലാണ് നെറ്റ് ഉപയോഗിക്കാന്‍ കൂടി ശ്രമിക്കേണ്ടത്.
അതിനിടെ അടിക്കടിയുള്ള വൈദ്യുതി മുടക്കവും ഇന്റര്‍നെറ്റ് തകരാറും ഓഫിസുകളിലെ സേവനത്തെ സാരമായി ബാധിക്കുന്നുണ്ട്. പല ഓഫിസുകളിലും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവര്‍ത്തന സജ്ജമായിട്ടില്ല.
നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ പേരോല്‍ വില്ലേജ് ഓഫിസിലെ മോഡം ഇടിമിന്നലില്‍ നശിച്ചതിനെ തുടര്‍ന്ന് കാര്യങ്ങള്‍ മന്ദഗതിയിലാണ്. നീലേശ്വരം ബി.എസ്.എന്‍.എല്‍ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ മോഡമില്ലെന്നും ആകെയുണ്ടായിരുന്ന ഒരു മോഡം കിനാനൂര്‍ വില്ലേജിലേക്കു നല്‍കിയെന്നുമായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇതേ തുടര്‍ന്ന് വില്ലേജ് ഉദ്യോഗസ്ഥര്‍ കൈയില്‍ നിന്നു പണം മുടക്കി മോഡം വാങ്ങി പ്രതിസന്ധി പരിഹരിച്ചു.
ചാളക്കടവിലെ മടിക്കൈ വില്ലേജ് ഓഫിസില്‍ ഉള്ള മൂന്നു കംപ്യൂട്ടറുകളില്‍ രണ്ടെണ്ണമാണ് ഇടിമിന്നലില്‍ നശിച്ചത്.
താലൂക്ക് ഓഫിസിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗത്തില്‍നിന്നു നല്‍കിയ താല്‍ക്കാലിക കംപ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ സേവനങ്ങള്‍ നല്‍കുന്നത്.
കിനാനൂര്‍ വില്ലേജില്‍ മോഡം തകരാറിലായപ്പോള്‍ ഉദ്യോഗസ്ഥര്‍ വൈഫൈ സംവിധാനം വഴി വേഗം കുറഞ്ഞാണെങ്കിലും സേവനങ്ങള്‍ നല്‍കി. പിന്നീട് മോഡം നല്‍കിയതോടെ പ്രശ്‌നത്തിനു പരിഹാരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."