'നമുക്ക് മിതത്വം ശീലമാക്കാം '
വിശ്വാസീ വൃന്ദത്തിന് ആത്മീയാനുഭൂതി സമ്മാനിച്ച് വിശുദ്ധ റമദാന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ജീവിതത്തിന്റെ ഇന്നലെകളില്‍ സംഭവിച്ചു പോയ അബദ്ധങ്ങള്‍ ജീവിതത്തിലിനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ദയാപരനായ തമ്പുരാന്റെ പ്രീതി സമ്പാദിക്കാനുപയുക്തമായ നിരവധി കര്‍മങ്ങള്‍ നാമെല്ലാം അനുഷ്ടിച്ചവരാണ്. നോമ്പും തറാവീഹും തഹജ്ജുദും ദാനധര്‍മങ്ങളുമെല്ലാം നമുക്കാ ഗണത്തില്‍ എണ്ണാന്‍ കഴിയും. എന്നാല്‍ സത്യവിശ്വാസിയുടെ കരസ്പര്‍ശം കടന്നു ചെല്ലേണ്ട അസംഖ്യം മേഘലകള്‍ ഇനിയുമുണ്ട്.
പുണ്യ റസൂല്‍(സ) കൈവെക്കാത്ത വിജ്ഞാനങ്ങളോ ഇടപെടാത്ത വിഷയങ്ങളോ കാണാന്‍ സാധ്യമല്ല. മദീനാ പള്ളി ആരാധനാലയത്തോടൊപ്പം ആതുരാലയവുമായിരുന്നു. നീതി പീഠവും വിദ്യാലയവും എല്ലാം അവിടെ കാണാമായിരുന്നു. ജനം മുതല്‍ മരണം വരെ വിശ്വാസി അനുവര്‍ത്തിക്കേണ്ട സകലതും അവിടെ ചര്‍ച്ചയില്‍ വിഷയീഭവിച്ചിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും തുപ്പുന്നതെങ്ങനെയെന്നു വരെ.കാലികവും ശാസ്ത്രീയവും സമഗ്രവുമാണിസ്‌ലാം. സത്യവിവിശ്വാസിയുടെ ചിന്തയും തലോടലുമില്ലാത്ത ഒരിടവും ഉണ്ടായിക്കൂടാ...
വിശ്വാസീ ജീവിതത്തിന്റെ സാര്‍വ്വത്രിക മേഘലയിലും കടന്നു വരേണ്ട സുവിശേഷ ഗുണമാണ് മിതത്വ ശീലമെന്നത്.വിശുദ്ധ ഇസ്്‌ലാം വളരെ പ്രാധാന്യത്തോടെ തറപ്പിച്ചു പറഞ്ഞ വിഷയുവുമത്രേ അത്.
ധനവിനിയോഗത്തില്‍ മാത്രമല്ല ഭാഷണഭോഗ ഭോജനങ്ങളിലും ജല വൈദ്യുതി ഉപയോഗങ്ങളിലും മിതത്വം ശീലമാവണം. അംഗസ്‌നാനം ചെയ്യുന്ന അനുചരനോട് അമിതവ്യയം അരുതെന്ന് പഠിപ്പിക്കുന്ന പ്രവാചകര്‍ (സ) സംസാരത്തില്‍നന്മ ഉണ്ടാവണമെന്നും അല്ലെങ്കില്‍ മൗനമാണ് അഭികാമ്യമെന്നും മറ്റൊരവസരം പഠിപ്പിക്കുന്നുണ്ട്. അബൂബക്കര്‍ സിദ്ധീഖ് (റ) നെ പോലെയുള്ളവര്‍ വായില്‍ ചെറുകല്ലുകള്‍ സൂക്ഷിച്ചതും സംസാരം നിയന്ത്രിക്കുന്നതിനായിരുന്നല്ലോ. ആഹാര രീതിയിലും നമുക്ക് മറ്റൊരു മാതൃക തേടേണ്ടതില്ല. ആരാധനയില്‍ വരെ അമിതമാക്കുന്നതിനെ ഇസ്്‌ലാം പ്രോത്സാഹിപ്പിക്കില്ല.
രണ്ട് റക്അതുള്ള സുബ്ഹി മൂന്നാക്കി വര്‍ദ്ധിപ്പിക്കുന്നതും ഒന്നായി ചുരുക്കുന്നതും നിസ്‌കാരത്തെ അസാധുവാക്കമെന്നത് ആര്‍ക്കാണറിയാത്തത്. മിതത്വം ശീലമാക്കാനുള്ള സുവര്‍ണ്ണാവസരമായ വിശുദ്ധ റമദാനില്‍ പോലും ധാരാളിത്തത്തിന്റെ അടയാളങ്ങള്‍ ആശ്ചര്യകരമാണ്. തെരുവോരങ്ങളും തീന്‍മേശകളുംവിഭവങ്ങളാല്‍ നിറയുന്നതും ആരാധനാ നിമഗ്‌നമാവേണ്ട സമയങ്ങള്‍ ആഘോഷ സമാനമാക്കുന്നതും ഖേദകരമാണ്.
പല ഗോത്രങ്ങളും തറവാടുകളുമൊക്കെയായി മനുഷ്യകുലത്തെ സംവിധാനിച്ച പടച്ചവന്‍ തിരിച്ചറിവില്‍ കവിഞ്ഞ ഒന്നു മതിലില്ലെന്നും തഖ്‌വയാണ് നാഥന്റെ മുമ്പില്‍ മഹത്വത്തിനു നിദാനമെന്നും പഠിപ്പിക്കുന്നുണ്ട്.അടുക്കും ചിട്ടയുമുള്ള ജീവിതം സാധിച്ചെടുക്കാന്‍ നമുക്കാവണം. സമയ നിഷ്ഠയിലും അതീവ ശ്രദ്ധ വേണ്ടതാണ്. നിസ്‌കാരം പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സമയംനിര്‍ണയിക്കപ്പെട്ട ആരാധനയെന്ന് ആണയിടുന്നത് കാണാം. എത് കാര്യത്തിലും മധ്യനിലപാട് സ്വീകരിക്കലാണ്അഭികാമ്യമെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്. ഒരാളോടുള്ള നിന്റെ സ്‌നേഹത്തിലുംശത്രുതയിലും അതിരു കവിയരുതെന്നും സ്‌നേഹിതന്‍ മറ്റൊരവസരം ശത്രുവും ശത്രു മിത്രവുമാകാന്‍ഇടയുണ്ടെന്നും വിശുദ്ധ പ്രവാചകന്‍ പറഞ്ഞതായി ഇമാം തിര്‍മിദി ഉദ്ധരിക്കുന്നുണ്ട്. പുതുതലമുറക്ക് ഇതില്‍ വലിയ സന്ദേശമാണുളളത്.ചുരുക്കത്തില്‍ ജീവിതത്തിലുടനീളം സൂക്ഷമതയും മിതത്വവും ശീലിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ പൂര്‍ണ സത്യവിശ്വാസിയെന്ന പരിഗണനക്ക് അവന്‍ അര്‍ഹനാവുന്നുള്ളൂ എന്ന് മനസ്സിലാക്കാം. നാഥന്‍ അനുഗ്രഹിക്കട്ടെ
(സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീല്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."