നൗഷാദ്, ലിനി ഒടുവില്‍ ലിനു; കോഴിക്കോട്ട് പൂത്ത നന്മമരങ്ങള്‍
കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ സഹജീവികള്‍ക്കായി സ്വന്തം ജീവന്‍ ഹോമിച്ച ഓട്ടോഡ്രൈവര്‍ നൗഷാദ്, മഹാമാരിയുടെ ദുരിതത്തിലും ആശ്വാസത്തിന്റെ മാലാഖയായ നഴ്‌സ് ലിനി, ഒടുവില്‍ ചാലിയാറിന്റെ കുത്തൊഴുക്കില്‍നിന്നു ആരുടേയൊക്കെയോ ജീവന്‍ രക്ഷിക്കാന്‍ അവസാന ശ്വാസം വരെ നീന്തിയ ലിനു.
ഇവരൊക്കെ ഉയര്‍ന്നു നില്‍ക്കുകയാണ് കോഴിക്കോടിന്റെ നന്മമരങ്ങളായി. ഇവര്‍ സഹജീവികള്‍ക്കായി നല്‍കിയത് സ്വജീവിതങ്ങളാണ്. അതിനാല്‍ തന്നെ പകരം വയ്ക്കാന്‍ ആശ്വാസവാക്കുകളോ കണ്ണുനീരോ മതിയാവില്ല.
രക്ഷാപ്രവര്‍ത്തനായിരുന്ന ലിനു(34) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കലിമഴയില്‍ ചാലിയാര്‍ കലിതുള്ളിയപ്പോള്‍ ലിനുവും കുടുംബവും സുരക്ഷിതമായ ചെറുവണ്ണൂരിലെ ക്യാംപിലേക്ക് മാറി. അച്ഛന്‍ സുബ്രഹ്മണ്യനേയും അമ്മ ലതയേയും സഹോദരങ്ങളായ ലാലുവിനേയും ലൈജുവിനേയും ക്യാംപിലെത്തിച്ച ശേഷം ലിനു രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതം കരകവിഞ്ഞ ചാലിയാറിന്റെ തീരങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. രണ്ടു സംഘങ്ങളായിട്ടായിരുന്നു യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ അകപ്പെട്ട ലിനുവിന്റെ മൃതദേഹം ഒരു ദിവസത്തിന് ശേഷമാണ് കിട്ടിയത്.
ലിനുവിന്റെ വീടായ കുണ്ടായിതോട് എരഞ്ഞികൊട്ടുപാലത്തിന് സമീപത്തെ പൊന്നത്ത് വീട്ടില്‍ വെള്ളം കയറിയതിനാല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതും ചെറുവണ്ണൂര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു. ഇവിടെ വച്ചാണ് ഉറ്റബന്ധുക്കളും നാട്ടുകാരും ലിനുവിന് അന്തിമോപചാരമര്‍പ്പിച്ച് വിട ചൊല്ലിയത്.
ദുരിതങ്ങള്‍ക്കിടയിലും കോഴിക്കോടിന് അഭിമാനിക്കാന്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യര്‍ ഉണ്ടെന്നതിന്റെ ഉദാഹരണമാണ് മുന്‍പെ ഓട്ടോഡ്രൈവര്‍ നൗഷാദും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയും കാട്ടിത്തന്നത്.
കോഴിക്കോട് നഗരത്തില്‍ മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്രസ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങിയ ഓട്ടോഡ്രൈവറായ കരുവിശേരി നൗഷാദ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 2015 നവംബര്‍ 26നായിരുന്നു ആ ദാരുണസംഭവം.
കഴിഞ്ഞ വര്‍ഷം നിപാ എന്ന മാഹാമാരി കോഴിക്കോടിന് മുകളില്‍ മരണമഴ പെയ്തപ്പോഴായിരുന്നു ലിനി എന്ന നഴ്‌സിന്റെ കാരുണ്യസ്പര്‍ശം നാടറിഞ്ഞത്. നിപാ ബാധിച്ച രോഗിയെ പരിചരിച്ച നഴ്‌സ് ലിനിക്കും നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. രണ്ടു കുടുംബങ്ങളെയും ആശ്വസിപ്പിക്കാന്‍ നാടൊന്നിച്ചുണ്ടായിരുന്നു, സര്‍ക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."