ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികള്‍ക്ക് തുടക്കം
കല്‍പ്പറ്റ: രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികള്‍ക്ക് തുടക്കം. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗോത്രബന്ധു പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പട്ടികവിഭാഗങ്ങള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാവുകയും വിദ്യാലയങ്ങള്‍ ഗോത്രസൗഹൃദമാവുകയും ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മെന്റര്‍ ടീച്ചര്‍മാര്‍ക്ക് ഊരുകളെയും വിദ്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കാനാവും. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ അഭ്യസ്തവിദ്യരായ ഒരു തൊഴില്‍രഹിതര്‍പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഗോത്രജീവിക പദ്ധതിയുമായി നീങ്ങുന്നത്.
പട്ടികജാതി-വര്‍ഗക്കാര്‍ക്കായി സ്ഥാപിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ട്. ഇവര്‍ക്കായുള്ള ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കും. പാലക്കാട്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്കായി (ടി.എസ്.പി) തുക വകയിരുത്തുന്നത് കുറഞ്ഞുവരികയാണ്. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിന്റെ പകുതിപോലും വകയിരുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."