ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഹയര്‍സെക്കന്‍ഡറി പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജുകളിലും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളും നടത്തുന്ന 2016-17ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി, തത്തുല്യ പരീക്ഷ പാസായിരിക്കണം.
എസ്.ഇ.ബി.സി വിഭാഗക്കാര്‍ക്ക് 42 ശതമാനം മാര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനു 40 ശതമാനം മാര്‍ക്കും മതിയാകും. ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കും എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശന സമയത്തു യോഗ്യതാ പരീക്ഷയുടെ പാസ് സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഹാജരാക്കണം. ജനറല്‍, എസ്.ഇ.ബി.സി വിഭാഗക്കാര്‍ ആകെ മാര്‍ക്കിന്റെ 10 ശതമാനവും എസ്.സി, എസ്.ടി വിഭാഗക്കാര്‍ അഞ്ചു ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.
ഓഗസ്റ്റ് 21നു തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. മൂന്നു മണിക്കുര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടായിരിക്കും.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് എട്ടിനു വൈകിട്ടു മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനു മുന്‍പു നേരിട്ടോ രജിസ്‌ട്രേഡ് തപാല്‍, സ്പീഡ്‌പോസ്റ്റ് മുഖാന്തിരമോ കമ്മിഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്‌സ്, ശാന്തി നഗര്‍ തിരുവനന്തപുരം 695 001 എന്ന മേല്‍വിലാസത്തില്‍ എത്തിക്കണം.
അപേക്ഷയടങ്ങുന്ന കവറിനു പുറത്തു മുകളിലായി 2016 ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം.
അപേക്ഷാ ഫീസ്, ജനറല്‍, എസ്.ഇ.ബി.സി വിഭാഗത്തിന് 600 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍നിന്നു പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന മേല്‍പ്പറഞ്ഞ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് മുഖേനയോ അപേക്ഷാ ഫീസ് ഒടുക്കാം.
ഡിമാന്റ് ഡ്രാഫ്റ്റ് വഴി അപേക്ഷാ ഫീസ് ഒടുക്കുന്നവര്‍ ഒറിജിനല്‍ ഡി.ഡി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഓഗസ്റ്റ് 16 മുതല്‍ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
പ്രവേശന പരീക്ഷയും തുടര്‍ന്നുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്ട്‌മെന്റും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 2016-17 ലേക്കുള്ള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സ് പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."