ഇതൊന്നുമല്ലാതെ ഇനിയുമെന്ത് തെളിവാണ് കോടതിക്ക് വേണ്ടത്...?
മലപ്പുറം: നൂറിലധികം ആളുകള്‍ പങ്കെടുത്ത നികാഹിന്റെ ഫോട്ടോകള്‍, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയതിന്റെ രസീത്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, ഭാര്യാ ഭര്‍ത്താക്കന്മാരായ ഞങ്ങളുടെ കോടതി മുറിയിലെ മൊഴി... ഇനിയുമെന്ത് തെളിവാണ് തങ്ങള്‍ നല്‍കേണ്ടത്?
വേദന കടിച്ചമര്‍ത്തി ഷെഫിന്‍ ജഹാന്‍ ചോദിക്കുന്നതിതാണ്. ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് ഷെഫിന്‍ ജഹാന്‍ തന്നെയാണ് ഫേസ്ബുക്കില്‍ ആര്‍ക്കും ഉത്തരം നല്‍കാനാകാത്ത ഈ ചോദ്യം ചോദിക്കുന്നത്.
മസ്‌കത്തില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ 2016 ഓഗസ്റ്റില്‍ വേ ടു നികാഹ് എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ആദ്യമായി ഹാദിയയുടെ വിവാഹാഭ്യര്‍ഥന കാണുന്നത്. വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് മാതാവാണ് ആദ്യമായി ഹാദിയയുമായി ഫോണില്‍ സംസാരിച്ചത്.
കാര്യങ്ങള്‍ സംസാരിച്ച് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് വഴി ചിത്രങ്ങള്‍ കൈമാറി. ലീവിന് വരുമ്പോള്‍ നേരില്‍ കാണാമെന്നും പരസ്പരം ഇഷ്ടപ്പെട്ടാല്‍ നികാഹ് നടത്താമെന്നും ധാരണയായതായും ഷെഫിന്‍ പറയുന്നു.
തുടര്‍ന്ന് നവംബര്‍ 22ന് വിസ മാറ്റുന്നതിനായി നാട്ടിലേക്ക് വന്നു. ഫാമിലി സ്റ്റാറ്റസ് വിസയുള്ള പുതിയ ഓഫര്‍ ലെറ്റര്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. നാട്ടില്‍ വന്ന് ഒരാഴ്ചയ്ക്കുശേഷം നവംബര്‍ 30ന് ബന്ധുക്കളും സഹോദരിയുമൊത്ത് ഹാദിയയുടെ ഇഷ്ടപ്രകാരം കോടതിയുടെ അനുമതിയോടെ ഹാദിയ താമസിച്ചിരുന്ന കോട്ടക്കലിലെ സാമൂഹിക പ്രവര്‍ത്തകയായ സൈനബയുടെ വസതിയില്‍ വച്ചാണ് ആദ്യം കാണുന്നത്.
പരസ്പരം ഇഷ്ടപ്പെട്ടപ്പോള്‍ നികാഹ് കര്‍മങ്ങള്‍ ഇസ്‌ലാമിക ആചാര പ്രകാരംനടത്തി തരുന്നതിനായി തന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിനേയും ഹാദിയ നിലവില്‍ താമസിച്ചു വരുന്ന മഹല്ലായ കോട്ടക്കല്‍ പുത്തൂര്‍ ജമാഅത്തിന്റെയും ഭാരവാഹികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.
തന്റെ മഹല്ല് അനുമതി നല്‍കുകയും, പുത്തൂര്‍ മഹല്ല് ഖാസിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം പുത്തൂര്‍ ജുമാമസ്ജിദ് ഇമാം ഹാദിയയുടെ വിവാഹത്തിന്റെ രക്ഷാധികാരിയായി ഡിസംബര്‍ 19ന് നികാഹ് നടത്തിത്തരികയുമായിരുന്നു. ഡിസംബര്‍ 20ന് കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ കൊടുത്തു. രണ്ട് ദിവസം മാത്രമാണ് ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിയാന്‍ സാധിച്ചത്.
ഡിസംബര്‍ 21ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ടെന്ന് ഹാദിയയുടെ അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയും താനും ഹാദിയയും കോടതിയില്‍ ഹാജരാകുകയുമായിരുന്നു. തങ്ങള്‍ വിവാഹിതരാണെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതി മുന്‍പാകെ മഹല്ല് സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി അഭ്യര്‍ഥിച്ചു.
ബി.എച്ച്.എം.എസ് ബിരുദധാരിയും 25 വയസ് പ്രായവുമുള്ള തന്റെ ഭാര്യ പറയുന്നത് ഒന്നു കേള്‍ക്കാന്‍ പോലും തയാറാവാതെ 'ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമാണെന്ന്' പറഞ്ഞാണ് 156 ദിവസത്തേക്ക് ഹാദിയയെ ഹോസ്റ്റല്‍ കസ്റ്റഡിയിലേക്ക് തള്ളി വിട്ടതെന്ന് ഷെഫിന്‍ ജഹാന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."