ഗോത്രമഹാസഭ വീണ്ടും സമരത്തിലേക്ക്
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഗോത്രമഹാസഭ വീണ്ടും പ്രക്ഷോഭത്തിലേക്ക്.
എം. ഗീതാനന്ദന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. നവംബര്‍ മാസം മൂന്നാം വാരത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ ആദിവാസി പുനരധിവാസ സദസ് എന്ന പേരില്‍ സമരം നടത്താനാണ് തീരുമാനം.
സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാനായിട്ടാണ് ഇത്തരമൊരു സമരവുമായി രംഗത്ത് വരുന്നതെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇതിനായി കോളനികളില്‍ നിന്നും നേരിട്ട് വിവര ശേഖരണങ്ങല്‍ നടത്തിവരികയാണ്. ഇതുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും സമരത്തില്‍ ഉള്‍ക്കൊള്ളിക്കും.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത കുടംബങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവരാണ്. ഇതില്‍ പലകുടുംബങ്ങളും ഇക്കഴിഞ്ഞ പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി ദുരിതമനുഭവിക്കുന്നവരാണ്. അതിനാല്‍തന്നെ എത്രയുംപെട്ടന്ന് ഇവര്‍ക്ക് കണ്ടെത്തിയ ഭൂമി ഇവര്‍ക്ക് നല്‍കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി നടത്തുന്നത്.
ഇക്കഴിഞ്ഞ ഒന്‍പതിന് സുപ്രഭാതം മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭിക്കാത്തതിനെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ പക്കലുള്ള കണക്ക് പ്രാകരം 2003ല്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടത്ത 650 കുടുംബങ്ങളില്‍ 447 കുടുംബങ്ങള്‍ക്ക് ഇനിയും ഭൂമി ലഭിക്കാനുണ്ട്. സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളിലായി വനംവകുപ്പ് നിക്ഷിപ്ത വനഭൂമി കണ്ടെത്തി നല്‍കുകയും ചെയ്തു.
ഒരു ഏക്കര്‍ ഭൂമി വീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ ആദ്യഘട്ടത്തില്‍ ഭൂമി നല്‍കുന്നതിനായി തെരഞ്ഞെടുത്തത് 283 കുടുംബങ്ങളെയായിരുന്നു.
ഇതില്‍തന്നെ 146 കുടുംബങ്ങള്‍ക്ക് മാത്രമേ കൈശരേഖ ലഭിച്ചിട്ടുള്ളു. കൈവശരേഖയും ഭൂമിയും ലഭിച്ചവര്‍ക്ക് ഇതുവരെ ലഭിച്ച ഭൂമിയില്‍ വീടുവച്ച് താമസം ആരംഭിക്കാനും സാധിച്ചിട്ടില്ല.
ഗോത്രമഹാസഭ സര്‍ക്കാരിന് നല്‍കിയ കണക്കുപ്രകാരവും ഐ.ടി.ഡി.പി മുഖേന സര്‍ക്കാര്‍ ശേഖരിച്ച കണക്കുപ്രകാരവും 650ാളം കുടുംബങ്ങളാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്.
മുത്തങ്ങ സമരകാലത്ത് രക്ഷിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
ഇതുപ്രകാരം 100ാളം കുട്ടികളുടെ ലിസ്റ്റും സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ ഇതില്‍ 27 പേര്‍ക്കുമാത്രമാണ് പണം നല്‍കിയിട്ടുള്ളു. സര്‍ക്കാരിന്റെ ഇത്തരം നടപടികളെ തുറന്ന് കാണിക്കാനാണ് തങ്ങളുടെ പ്രതിഷേധ സമരമെന്ന് എം. ഗീതാനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."