ആരോഗ്യവകുപ്പ് പറഞ്ഞുപറ്റിച്ചു
മഞ്ചേരി: ആരോഗ്യ വകുപ്പ് അധികൃതരുടെ ഉത്തരവുകളും നിര്‍ദേശങ്ങളും കാറ്റില്‍പറന്നതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗത്തില്‍ കാര്‍ഡിയോളജിസ്റ്റ് നിയമനം വഴിമുട്ടി. ആരോഗ്യ സേവനവിഭാഗത്തില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ നിലവില്‍ വന്നപ്പോഴാണ് കാര്‍ഡിയോളജിസ്റ്റിനെ പാലക്കാട്ടേക്കു മാറ്റിയത്. പകരം സീനിയര്‍ റസിഡന്റിനെ നിയമിച്ചിരുന്നെങ്കിലും രണ്ടാഴ്ചയായിട്ടും അദ്ദേഹം ചുതലയേറ്റില്ല.
മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരാണ് കാര്‍ഡിയോളജി ഒ.പി കൈകാര്യം ചെയ്യുന്നത്. ഹൃദ്രോഗികള്‍ ഏറെയുള്ള ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ മഞ്ചേരിയില്‍ വിദഗ്ധ ഡോക്ടറുടെ അഭാവം സാധാരണക്കാര്‍ക്കു വെല്ലുവിളിയാകുകയാണ്.
മെഡിക്കല്‍ കോളജില്‍ ഹൃദ്‌രോഗ വിദഗ്ധനെ നിയമിക്കുന്നതില്‍ കാലതാമസം തുടരുന്നതോടെ നിരവധി പേരാണ് ചികിത്സ ലഭിക്കാതെ ദുരിതത്തിലാകുന്നത്.
മുസ്‌ലിം ലീഗും കോണ്‍ഗ്രസും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു സീനിയര്‍ റസിഡന്റ് ഡോക്ടറെ മഞ്ചേരിയിലേക്ക് മാറ്റി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് കണ്ട് പ്രതിഷേധം അവസാനിച്ചതോടെ ചുമതലയേല്‍ക്കാന്‍ കാര്‍ഡിയോളജിസ്റ്റ് എത്തിയില്ല.
ജനകീയ പ്രതിഷേധം ശക്തമായതോടെ എം.എല്‍.എ അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
വിദഗ്ധ ഡോക്ടറെ നിയമിക്കുന്നതിലെ കാലതാമസം സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്. മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ നിലവില്‍ കാത്ത് ലാബുപോലുമില്ല. നിര്‍ദിഷ്ട പദ്ധതിയായ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള സ്ഥലം മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സിക്കു കൈമാറിയിരുന്നു. കാത്ത് ലാബ് യാഥാര്‍ഥ്യമാവുന്നതോടെ ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം തുടങ്ങിയ പരിശോധന സംവിധാനങ്ങള്‍കൂടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ വരും. നിലവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി പരിശോധിക്കുന്ന എക്കോ ടെസ്റ്റിനു മാത്രമാണ് ഇവിടെ സംവിധാനമുള്ളത്.
ഐ.സി.യുവിലാണ് ഈ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."