ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കേരളത്തിന് മാതൃകയാകണം: മേയര്‍
കൊല്ലം: സമൂഹത്തിന്റെ തുടിപ്പറിയുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെന്ന് മേയര്‍ വി രാജേന്ദ്രബാബു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്,കേരള പൊലിസ്,കൊല്ലം കോര്പറേഷന്, ട്രാക്ക്,ഹോളിക്രോസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കെ.എസ്.എസ്.ഐ.എ ഹാളില്‍ നടത്തിയ ഫസ്റ്റ് റെസ്പോണ്ടര്‍ എന്ന അപകട രക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
സമൂഹവുമായി നല്ല ബന്ധം സൂക്ഷിക്കുന്നവരായ ഓട്ടോ ഡ്രൈവര്‍മാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ന് റോഡിലുണ്ടാകുന്ന നിയമവിരുദ്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. അതോടൊപ്പം അപകടസ്ഥലത്ത് ആദ്യമെത്തുന്നവര്‍ എന്ന നിലയില്‍ അപകടരക്ഷയില് പ്രഥമസ്ഥാനവും ഇവര്‍ക്കാണ്. അതുകൊണ്ടു തന്നെയാണ് കൊല്ലം കോര്‍പറേഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മുഴുവന്‍ പേര്‍ക്കും അപകട രക്ഷാപരിശീലനം നല്കാന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനും കേരള പൊലിസിനും ട്രാക്കിനും ഹോളിക്രോസ് ആശുപത്രിക്കും ഒപ്പം കൈകോര്‍ക്കാന്‍ കൊല്ലം കോര്പറേഷന് തയ്യാറായത്.
പരിശീലന പദ്ധതിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം വഴി കൊല്ലത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കേരളത്തിന് മാതൃകയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേഷനില്‍ പെര്മിറ്റുകൊടുക്കുന്ന അയ്യായിരം ഡ്രൈവര്മര്ക്കാണ് അപകടരക്ഷാപരിശീലനം നല്‍കുന്നത്.
ട്രാക്ക് പ്രസിഡന്റ് ആര്.ടി.ഒ സജിത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."