എയിംഫില്‍ സമരം: ചര്‍ച്ച പരാജയപ്പെട്ടു
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വഞ്ചിച്ചുവെന്ന ആരോപണമുയര്‍ന്ന മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമി വിദ്യാര്‍ഥികളും മാനേജ്‌മെന്റും കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാനുള്ള സംവിധാനമുണ്ടാക്കാമെന്നും മൂന്നംഗ സമിതിയെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്താമെന്നും കലക്ടര്‍ വിദ്യാര്‍ഥികളെ അറിയിച്ചെങ്കിലും ഇതിനോട് അനുകൂലമായി വിദ്യാര്‍ഥികള്‍ പ്രതികരിച്ചില്ല.
സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ മാത്രം പോരെന്നും തങ്ങള്‍ അടച്ച കോഴ്‌സ് ഫീയും നഷ്ടപരിഹാരവും ലഭിക്കണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. ഇതിനിടെ നിരാഹാര സമരത്തിലുള്ള വിദ്യാര്‍ഥി കീര്‍ത്തിമയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ച യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാന്‍ തയാറായിരുന്നില്ല. സ്ഥാപനം തങ്ങളെ വഞ്ചിച്ചുവെന്നു കാണിച്ച് വിദ്യാര്‍ഥികള്‍ എ.ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 22 വിദ്യാര്‍ഥികളാണ് സമരത്തിലുള്ളത്. പെണ്‍കുട്ടികളായ രേഷ്മ, ആതിര, ഷിറ്റിഷ, സി.പി ആതിര എന്നിവരാണ് നിരാഹാരമിരിക്കുന്നത്.
മൂന്നംഗ കമ്മിറ്റി
രൂപീകരിച്ചു
കോഴിക്കോട്: എയിംഫിലെ കോഴ്‌സിന്റെ സിലബസിനെക്കുറിച്ചും മാനേജ്‌മെന്റിന്റെ വിശ്വാസ്യതയെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. ടൂറിസം, ഏവിയേഷന്‍ വിദഗ്ധ സംഘം, ഹയര്‍ എജ്യുക്കേഷന്‍ വകുപ്പുകളിലെ ഓരോ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കുക. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിക്കുന്നതിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ടി. ജെനില്‍കുമാര്‍, എയിംഫ് പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
റോഡ് ഉപരോധിച്ചു
കോഴിക്കോട്: എയിംഫില്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്നലെ രാത്രി എട്ടോടെ മാവൂര്‍ റോഡ് ഉപരോധിച്ചു. വിദ്യാര്‍ഥിനികളുടെ ആരോഗ്യനില മോശമായതിലും സമരത്തിന് പരിഹാരം കാണുന്നതില്‍ അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയുമാണെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് പൊലിസ് നിരാഹാരസമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."