ആശുപത്രി ബ്ലോക്കിന്റെ പ്രവൃത്തി മൂന്നു മാസത്തിനകം തുടങ്ങുമെന്ന് സൂചന
കല്‍പ്പറ്റ: കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി പുതിയ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നു.
ഇതിനായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനനന്ദന്‍ ചുമതലപ്പെടുത്തിയ സാങ്കേതികസംഘം കഴിഞ്ഞദിവസം സ്ഥലപരിശോധന നടത്തി.
മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു നബാര്‍ഡ് അനുവദിച്ച 41 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ തുക വിനിയോഗിച്ച് കോളജിന്റെ ഭാഗമായ ആശുപത്രിക്ക് കെട്ടിടം പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റുമാണ് പുതുതായി തയാറാക്കുന്നത്. ഇത് സാങ്കേതിക സംഘം ഒന്നര മാസത്തിനകം സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ നാലാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിക്കുമെന്നുമാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കൊച്ചിയിലെ സേഫ് മാട്രിക്‌സ് എന്ന കമ്പനി വയനാട് മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിനു നേരത്തെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവില്‍.
ഇതേ കമ്പനിക്ക് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് നല്‍കിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസാണ് വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു പഴയ പ്ലാനും എസ്റ്റിമേറ്റും പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യം സൃഷ്ടിച്ചത്. പണം നല്‍കാത്തതിനാല്‍ ഡ്രോയിങുകള്‍ കമ്പനി വിട്ടുകൊടുത്തിട്ടില്ല. സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഉദയം മുതല്‍ അസ്തമനം വരെ പ്രദേശത്തെ സൂര്യഗതി, നിഴല്‍ വീഴ്ച, കാറ്റ് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് സേഫ് മാട്രിക്‌സ് വയനാട് മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നത്. 950 കോടി രൂപ അടങ്കലില്‍ മൂന്ന് ഘട്ടങ്ങളായാണ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ആസൂത്രണം ചെയ്തിരുന്നത്.
350 കിടക്കകളോടുകൂടിയ ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ 250 കോടി രൂപ മതിപ്പു ചെലവില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പിജി പഠനത്തിനും ഗവേഷണത്തിനുമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ എന്നിവയാണ് രണ്ടും മുന്നും ഘട്ടങ്ങളില്‍ വിഭാവം ചെയ്തിരുന്നത്.
ഈ പ്ലാനിനും എസ്റ്റിമേറ്റിനും പകരമായാണ് പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."