യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
മാനന്തവാടി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. തലപ്പുഴ അമ്പലക്കൊല്ലി മുട്ടാണിയില്‍ സനൂപി(32)നെയാണ് മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് രാത്രി സനൂപിന്റെ ഭാര്യ അഞ്ജുവെന്ന മെറീന ഹെന്‍ട്രി(24) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചിരുന്നു.
തുടര്‍ന്ന് മെറീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സനൂപിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിനും സ്ത്രീ പീഡനത്തിനുമാണ് സനൂപിനെതിരേ കേസെടുത്തിരിക്കുന്നത്.
ആറു വര്‍ഷം മുന്‍പ് മിശ്രവിവാഹിതരായവരാണ് സനൂപും മെറീനയും. സനൂപിന്റെ മദ്യപാനം മൂലം കുടുംബ ജീവിതത്തില്‍ പലതവണ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
മെറീനയുടെ മാല വിറ്റ പണത്തെച്ചൊല്ലി സെപ്റ്റംബര്‍ 27ന് ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായതിനെത്തുടര്‍ന്ന് മെറീന തന്റെ വീട്ടിലേക്ക് പോയി. രണ്ട് ദിവസത്തിന് ശേഷം സനൂപിന്റെ ബന്ധുക്കള്‍ ചെന്ന് മെറീനയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ വരികയുള്ളൂവെന്ന നിലപാടിലായിരുന്നു മെറീന. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് സനൂപിന്റെയും മെറീനയുടെയും ബന്ധുക്കള്‍ ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിന് ശേഷം മെറീന ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ച് പോയി. എന്നാല്‍, അന്ന് രാത്രി സനൂപ് വീണ്ടും പ്രശ്നമുണ്ടാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മെറീന തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ സനൂപിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."