ഉയിഗൂര്‍ തടങ്കലുകളെ ന്യായീകരിച്ച് ചൈന
ബെയ്ജിങ്: പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാങിലെ ഉയിഗൂര്‍ തടങ്കലുകളെ ന്യായീകരിച്ച് ചൈന. തീവ്രവാദത്തില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കാനുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങളാണിവയെന്ന് ഷിന്‍ജിയാങ് സര്‍ക്കാര്‍ ചെയര്‍മാന്‍ ഷൊഹ്‌റത്ത് സാകിര്‍ പറഞ്ഞു.
ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയിഗൂര്‍ വിഭാഗക്കാരന്‍ കൂടിയാണ് ഷൊഹ്‌റത്ത് സാകിര്‍. തടങ്കലുകളെ ന്യായീകരിച്ച് രംഗത്തുവരുന്ന ഷിന്‍ജിയാങ് പ്രവിശ്യയിലെ ഏറ്റവും മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധിയാണ് ഇദ്ദേഹം.
പഴയ ജീവിതത്തില്‍ നിന്ന് മാറിച്ചിന്തിക്കാനുള്ള മികച്ച അവസരങ്ങളാണ് തടങ്കലുകളിലെ പരിശീലനങ്ങളിലൂടെ ലഭിക്കുന്നതെന്ന് ഷെഹ്‌റത്ത് സാകിര്‍ പറഞ്ഞു.
1990 മുതല്‍ ഷിന്‍ജിയാങില്‍ തീവ്രവാദം, ഭീകരവാദം, വിഭജന വാദം എന്നീ മൂന്ന് കാര്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികള്‍ നല്‍കുന്ന കേന്ദ്രങ്ങളാക്കി മാറ്റിയുള്ള നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
മത തീവ്രവാദത്തില്‍ നിന്നും തെറ്റിദ്ധാരണകളില്‍ നിന്നുമുള്ള വിമോചനമാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുന്നത്. ചൈനയുടെ ചരിത്രം, സംസ്‌കാരം, നിയമങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നല്‍കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇവിടേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുന്നത് സംബന്ധിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ഷിന്‍ജിയാങ് ജനസംഖ്യയുടെ 45 ശതമാനത്തോളം ഉയിഗൂര്‍ മുസ്‌ലിംകളാണ്. തടങ്കല്‍ കേന്ദ്രങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പത്ത് ലക്ഷത്തോളം പേരെ ഇവിടങ്ങളില്‍ ബലമായി പീഡിപ്പിക്കുകയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു.
ഇസ്‌ലാം മത വിശ്വാസത്തില്‍ നിന്നുള്ള പരിവര്‍ത്തനത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞിരുന്നു. നീളമുള്ള താടിവയ്ക്കല്‍, മുഖാവരണം ധരിക്കല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ ഇസ്‌ലാമിക അഭിവാദ്യങ്ങളുടെ കൈമാറ്റം തുടങ്ങിയവ അധികൃതര്‍ക്ക് ഉയിഗൂറുകളെ തടവിലിടാനുള്ള കാരണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."