കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സ്വാഗതാര്‍ഹം, ഈ കാര്യത്തില്‍ എന്റെ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടു; ഹരിയാനയില്‍ പിളര്‍പ്പിന്റെ സൂചന നല്‍കി കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഭൂപീന്ദര്‍ സിംഗ് ഹൂഡ
ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയും മകനും രംഗത്ത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഈ കാര്യത്തില്‍ തന്റെ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഒരു പൊതുവേദിയില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചു.
നാല് ദശാബ്ദ കാലമായി ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുള്ള ഹൂഡ പുറത്തേക്കുള്ള വഴിയിലാണെന്ന വാര്‍ത്തകള്‍ക്ക് കരുത്തേകുന്നതായി അദ്ദേഹത്തിന്റെ പുതിയ വിമര്‍ശനം. റോത്തക്കില്‍ സംഘടിപ്പിച്ച ഒരു റാലിയിലാണ് ഹൂഡയും മകനും മുന്‍ എം.പിയുമായ ദീപേന്ദര്‍ ഹൂഡയും കശ്മീര്‍ വിഷയത്തിലുള്ള പിന്തുണ പരസ്യമാക്കിയത്. 370ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകര്‍ അതിനെ എതിര്‍ത്തു. കോണ്‍ഗ്രസിന് ഈ കാര്യത്തില്‍ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിഷയം പരിഗണിക്കുമ്പോള്‍ അതില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാന്‍ എനിക്കാകില്ലെന്നും ഹൂഡ പറഞ്ഞു. പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കിയെങ്കിലും 13അംഗ എ.എല്‍.എമാര്‍ ഉള്‍പ്പെട്ട ഒരു സമിതി രൂപീകരിക്കുമെന്നും ഭാവികാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളേക്കാള്‍ കൂടുതല്‍ രാജ്യത്തോടുള്ള താല്‍പര്യമാണ് കൂടുതലെന്ന് പറഞ്ഞാണ് ദീപേന്ദര്‍ ഹൂഡ പ്രസംഗം ആരംഭിച്ചത്. കശ്മീരില്‍ പ്രത്യേക അധികാരം എടുത്തുകളയാന്‍ സ്വീകരിച്ച രീതിയോട് എതിര്‍പ്പുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അനിഷേധ്യ സ്വരമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടിക്കെതിരായ നിലപാടുകള്‍കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നിലവില്‍ മുഖ്യമന്ത്രിയായ അശോക് തന്‍വാറിന് പകരം ചുമതലയേല്‍ക്കണമെന്നുള്‍പ്പെടെ അദ്ദേഹത്തിന്റെ അണികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അച്ഛനും മകനും ഏതുനിമിഷവും പാര്‍ട്ടി വിടുമെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലാണ് കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഇരുവരും രംഗത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."