കര്‍ണാടകത്തില്‍ ഇന്ന് മന്ത്രിസഭാ വികസനം; സ്ഥാനമോഹവുമായി നിരവധിപേര്‍
ശരീഫ് കൂലേരി
ബംഗളൂരു: ബി.എസ് യദ്യൂരപ്പ സര്‍ക്കാരിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. കഴിഞ്ഞ ജൂലൈ 26ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മന്ത്രിപദവി മോഹികളുടെ കടുത്ത സമ്മര്‍ദം കാരണം മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ യദ്യൂരപ്പ വലിയ പ്രതിസന്ധിയിലായിരുന്നു.
ഇന്ന് രാവിലെ 10.30നും 11.30 നുമിടയില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തിലെത്തിയ ബി.ജെ.പിക്ക് മന്ത്രിമാരെ നിശ്ചയിക്കാന്‍ കഴിയാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് ഇന്ന് മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് ഇന്നലെ രാത്രി വൈകി ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലെത്തിയിട്ടുണ്ട്. ആരെയെല്ലാം മന്ത്രിമാരാക്കണമെന്ന കാര്യത്തില്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ മന്ത്രിമാരുടെ പേര് വിവരം ഇതുവരെ പുറത്തുവിടാന്‍ യദ്യൂരപ്പ തയാറായിട്ടില്ല. മന്ത്രിപദവി മോഹിച്ച് നിരവധി പേര്‍ രംഗത്തുവന്നതോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം മന്ത്രിസഭാ വികസനത്തിനുള്ള അനുമതി നല്‍കാതിരുന്നത്. ഇന്ന് ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച ശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക. അതേസമയം മന്ത്രിസ്ഥാനം ലഭിക്കാത്തവരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇത്തരത്തിലൊന്നുണ്ടാകില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
അതിനിടയില്‍ കൂടുതല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയുണ്ടായേക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ എം.എല്‍.എമാരെ കൂടെ നിര്‍ത്താന്‍ സിദ്ധരാമയ്യ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വഞ്ചിച്ച് ബി.ജെ.പി പക്ഷത്തേക്ക് പോയ വിമതര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനുള്ള നീക്കവും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇതിനിടയില്‍ കൂടുതല്‍ അധികാരത്തിനായി വിലപേശുന്ന വിമതരെ എന്തു വിലകൊടുത്തും തടയാനായി ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. ഇവരുടെ സഹായവും സിദ്ധരാമയ്യ തേടിയിട്ടുണ്ടെന്നാണ് വിവരം. അധികാരം തിരിച്ചുപിടിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പിയില്‍ വലിയ സ്ഥാനം പ്രതീക്ഷിച്ച വിമത എം.എല്‍.എ രമേശ് ജാര്‍ക്കിഹോളിയെ വെട്ടിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ജാര്‍ക്കിഹോളിക്ക് ഇപ്പോള്‍ ആ പ്രതീക്ഷയില്ല. എ.എച്ച് വിശ്വനാഥ്, എസ്.ടി സോമശേഖര്‍ എന്നിവരാണ് ഇപ്പോള്‍ വിമത നീക്കത്തിലൂടെ മുന്‍നിരയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."