സൂക്ഷിക്കണം, ബസിലെ മാലക്കള്ളന്മാരെ..
തളിപ്പറമ്പ്: മേഖലയില്‍ ബസ് യാത്രികരെ കേന്ദ്രീകരിച്ച് മാല മോഷണം പതിവാകുന്നു. ഇന്നലെ ചുഴലിയില്‍ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രാമധ്യേ വയോധികയുടെ മൂന്നു പവന്റെ സ്വര്‍ണമാലയാണ് മോഷ്ടിച്ചത്.
ചുഴലി ചാലില്‍ വയലിലെ സി.എച്ച് ഖദീജയുടെ മാലയാണ് നഷ്ടമായത്. തളിപ്പറമ്പില്‍ ബസിറങ്ങിയപ്പോഴാണ് മാല പോയത് അറിയുന്നത്. ഉടനെ പൊലിസ് എയ്ഡ്് പോസ്റ്റില്‍ വിവരമറിയിച്ചു. ബി.ജെ.പി താലൂക്ക് ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഇവിടെ ഉണ്ടായിരുന്ന തളിപ്പറമ്പ് എസ്.ഐമാരായ കെ. ദിനേശന്, പി. പ്രശോഭ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസുകാര്‍ ബസ് സ്റ്റാന്‍ഡും പരിസരവും അരിച്ചുപൊറുക്കിയെങ്കിലും സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ല. ഇത് രണ്ടാം തവണയാണ് ഖദീജയുടെ സ്വര്‍ണം നഷ്ടമാകുന്നത്. ഖദീജയുടെ സമീപത്ത് തടിച്ച് വെളുത്ത് മൂക്കുത്തിയിട്ട ഒരു സ്ത്രീ ഉണ്ടായിരുന്നതായി ബന്ധു പറഞ്ഞു.
യാത്രക്കിടയില്‍ നടക്കുന്ന മോഷണത്തിനെതിരേ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവില്‍ കെ.എസ്.ആര്.ടി.സി ബസില്‍ ഒരു യാത്രക്കാരിയുടെ സ്വര്‍ണ മാല കവര്‍ന്ന രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."